പശ്ചിമേഷ്യന്‍ സംഘര്ങ്ങള്ക്കിടെ ശക്തമായ പ്രതികരണവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. യുഎഇ എളുപ്പം കീഴടക്കാവുന്ന ഇരയല്ലെന്നും യുഎഇയുടെ അകം കരുത്തുറ്റതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അബുദാബി ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു യുഎഇ പ്രസിഡന്റിന്റെ പ്രതികരണം.
യുഎഇക്ക് നേരെ തുടര്‍ച്ചയായി ഇറാന് ആക്രമണം നടത്തിയതിന് പിന്നാലെ ആദ്യമായാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഈ വിഷത്തില്‍ പ്രതികരിച്ചത്. ജനങ്ങള്‍ രാജ്യത്തിനൊപ്പം ഒരുമിച്ച് നില്‍ക്കുന്നുവെന്നും യുഎഇ എന്നത് ഒരു മാതൃകയാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രവാസികളും ഞങ്ങളുടെ കുടുംബമാണ്. മുമ്പത്തേതിനേക്കാള്‍ കരുത്തോടെ യുഎഇ ഉണരും. യുഎഇ മനോഹരമായ നാടാണെന്നും അത് കണ്ട് ഞങ്ങളെ തെറ്റിദ്ധരിക്കരുതെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു.
'ഞങ്ങള്‍ എളുപ്പം കീഴടക്കാവുന്ന ഇരകള്‍ അല്ല. യുഎഇയുടെ അകം കരുത്തുറ്റതാണ്. നമ്മുടെ രാജ്യത്തോടും ജനങ്ങളോടും കുടുംബത്തിലെ അംഗങ്ങളായ താമസക്കാരോടുമുള്ള കടമ ഞങ്ങള്‍ നിര്‍വഹിക്കും.' ദുബായ് ഉള്‍പ്പെടെ ഏഴ് എമിറേറ്റുകള്‍ ഉള്‍പ്പെടുന്ന യുഎഇയിലെ എല്ലാവരെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സായുധ സേനാംഗങ്ങള്‍ക്കും ഷെയ്ഖ് മൂഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നന്ദി അറിയിച്ചു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചപ്പോള്‍ ഡ്രോണിന്റെയും മിസൈലിന്റയും അവശിഷ്ടങ്ങള്‍ വീണ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും യുഎഇ പ്രസിഡന്റ് സന്ദര്‍ശിച്ചു.
അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കല്‍ സിറ്റി സന്ദര്‍ശിച്ച അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരും പാകിസ്താനികളും അടക്കമുള്ളവരുടെ അരികിലെത്തി ആശ്വസിപ്പിച്ചു. എല്ലാവര്ക്കും ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. നിങ്ങള്‍ സ്വന്തം വീട്ടിലെന്നപോലെ സുരക്ഷിതരാണെന്ന പ്രസിഡന്റിന്റെ വാക്കുകള്‍ പരിക്കേറ്റവര്‍ക്കും പ്രവാസികള്‍ക്കും വലിയ ആത്മവിശ്വാസമാണ് പകര്‍ന്ന് നല്‍കിയത്. ആക്രമണങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷയിലും പ്രതിരോധ കരുത്തിലും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
Content Highlights: Mohamed bin Zayed Al Nahyan says the United Arab Emirates is not an easy target and will respond strongly to any threats, emphasizing the country's resilience.