യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ പ്രവാസികൾ

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ നാല് ദിവസവും സ്വാകര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് മൂന്ന് ദിവസവുമാണ് അവധി. പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പോകുന്നതിനായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുക്കം തുടങ്ങി.

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 22 ഞായറാഴ്ച വരെയാണ് അവധി. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 23 തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാര്‍ച്ച് 19 വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 21 ശനിയാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാല്‍, വിശുദ്ധ റമദാന്‍ മാസം 30 ദിവസം പൂര്‍ത്തിയാകുകയാണെങ്കില്‍ സ്വകാര്യ മേഖലയിലെ അവധി ഒരു ദിവസം കൂടി നീളും.

റംസാന്‍ മാസത്തെ ചന്ദ്രദര്‍ശനം അനുസരിച്ചായിരിക്കും പെരുന്നാള്‍ നിശ്ചയിക്കുക. ഷവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കുന്നതിനായി റമദാന്‍ 29 ആയ മാര്‍ച്ച് 18ന് ചന്ദ്രദര്‍ശന സമിതി യോഗം ചേരും. മാര്‍ച്ച് 18ന് വൈകുന്നേരം ചന്ദ്രക്കല ദൃശ്യമായാല്‍, ആ ദിവസം റമദാന്‍ അവസാനിക്കും. ചന്ദ്രന്‍ ദൃശ്യമായില്ലെങ്കില്‍, റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി മാര്‍ച്ച് 20ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളും പ്രവാസികള്‍ ആരംഭിച്ചു. പൊതു അവധിക്കൊപ്പം വാര്‍ഷിക അവധിക്ക് കൂടി അപേക്ഷിച്ച് കൂടുതല്‍ ദിവസം നാട്ടില്‍ ചെലവഴിക്കാനാണ് പലരുടെയും തീരുമാനം. എന്നാല്‍ നാട്ടിലേക്ക് പോകാത്തവര്‍ യുഎഇയില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. റമദാന്‍ മാസം ആരംഭിച്ചതോടെ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാണ് രാജ്യം. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമങ്ങളും പുരോഗമിക്കുന്നു.

Content Highlights: The UAE has announced Eid Al Fitr holidays for 2026, and expatriates are preparing to return home.

To advertise here,contact us