'എന്റെ മകൾ ഭാഗ്യം കൊണ്ടുവന്നു'; പിതാവായ സന്തോഷത്തിൽ നിൽക്കെ ബിഗ് ടിക്കറ്റ് വിജയിയായി ഇന്ത്യൻ പ്രവാസി

ശന്തനു ഇതുവരെ തന്റെ മകളെ നേരിട്ട് കണ്ടിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്

അബുദബി ബി​ഗ് ടിക്കറ്റ് വിജയത്തിലൂടെ ജീവിതം മാറിമറിഞ്ഞ് ഒമാനിലെ ഇന്ത്യൻ പ്രവാസി. പിതാവായതിന്റെ സന്തോഷം ആഘോഷിക്കുന്നതിനിടെയിലാണ് അപ്രതീക്ഷിതമായി ബി​ഗ് ടിക്കറ്റ് വിജയവും ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത്. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ശന്തനു ഷെട്ടിഗാർ എട്ട് വർഷമായി ഒമാനിലാണ്.

ഡിസംബർ 27-നായിരുന്നു 34കാരനായ ശന്തനു ഷെട്ടിഗാർക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. അതിന്റെ സന്തോഷം അവസാനിക്കും മുമ്പ് അബുദബി ബിഗ് ടിക്കറ്റിൽ 20 ദശലക്ഷം ദിർഹം സ്വന്തമായെന്ന വാർത്തയും ശന്തനുവിനെ തേടിയെത്തി. രണ്ട് സന്തോഷ വാർത്ത ഒരുമിച്ച് ലഭിച്ചെന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ശന്തനു പിന്നാലെ പ്രതികരിച്ചത്. തന്റെ മകളാണ് ഭാ​ഗ്യം കൊണ്ടുവന്നതെന്നും ശന്തനു കൂട്ടിച്ചേർത്തു.

ശന്തനു ഇതുവരെ തന്റെ മകളെ നേരിട്ട് കണ്ടിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്. 'ഞാൻ ഒമാനിലായിരുന്നപ്പോഴാണ് അവൾ ജനിച്ചത്. ഇതുവരെ എനിക്ക് അവളെ കാണാൻ സാധിച്ചിട്ടില്ല. അവളുടെ പേരിടൽ ചടങ്ങിനായി ഞാൻ ഉടൻ തന്നെ നാട്ടിലേക്ക് പോകും. അതിനു വേണ്ടിയാണ് ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്,' ശന്തനു പ്രതികരിച്ചു.

കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് ശന്തനു. എട്ടു വർഷമായി മസ്‌കത്തിൽ ഒരു ഷോപ്പ് ഇൻ-ചാർജ് ആയി ജോലി ചെയ്യുകയാണ്. തിരക്കിനിടയിലായിരുന്നതിനാൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല. ബി​ഗ് ടിക്കറ്റ് അവതാരകൻ വിളിച്ചപ്പോൾ ആദ്യ രണ്ട് തവണയും ഫോൺ എടുക്കാൻ സാധിച്ചില്ല. മൂന്നാമത്തെ തവണയെടുത്ത് ഭാ​ഗ്യവാർത്ത അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും ശന്തനു പറയുന്നു.

കഴിഞ്ഞ അഞ്ചുവർഷമായി ശന്തനു ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിച്ചെങ്കിലും തൽക്കാലം നിലവിലെ ജോലി തുടരാനാണ് ശന്തനുവിന്റെ തീരുമാനം. പണം എങ്ങനെ വിനിയോ​ഗിക്കുമെന്നതിൽ കൂടുതൽ ആലോചന നടത്തുമെന്നും ശന്തനു വ്യക്തമാക്കി.

Content Highlights: Indian expat wins Dh20 million in Big Ticket weeks after baby’s birth. Just weeks after becoming a father, an Indian expat in Oman received a phone call that changed his life forever.

To advertise here,contact us