ഓണ്‍ലൈന്‍ ഭീഷണികള്‍ക്കെതിരെ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി യുഎഇ

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ആളുകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കും പണം തട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് യുഎഇ നിയമ പ്രകാരം ലഭിക്കുക

ഓണ്‍ലൈന്‍ വഴിയുളള ഭീഷണികള്‍ക്കും ബ്ലാക്ക്മെയിലിങ്ങിനുമെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ്. സംശയാസ്പദമായ സന്ദേശങ്ങളോടും ലിങ്കുകളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതന്നും സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ ഇടങ്ങളില്‍ ഒഴിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്. പല രീതിയിലാണ് തട്ടിപ്പ് സംഘങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്. എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളും ഇത്തരക്കാര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അപരിചിതമായ സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും ഇതില്‍ പലതും ഇരകളെ ചൂഷണം ചെയ്യാനായി ഒരുക്കിയ കെണികളാകളായിരിക്കാമെന്നും സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഇടങ്ങളില്‍ എപ്പോഴും ജാഗ്രത പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക്മെയിലിങ്ങിന് ഇരയായാല്‍ ഭയപ്പെടാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കണം. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതുജനങ്ങളുടെ ജാഗ്രതയും സഹകരണവും അത്യാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ആളുകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കും പണം തട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് യുഎഇ നിയമ പ്രകാരം ലഭിക്കുക. വിവരസാങ്കേതിക വിദ്യയോ ഇന്റര്‍നെറ്റ് ശൃംഖലയോ ഉപയോഗിച്ച് ഒരാളെ ബ്ലാക്ക്മെയില്‍ ചെയ്യുകയോ അനാവശ്യ കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. ഇത്തരത്തിലുളള ഭീഷണിയിലൂടെ ഏതെങ്കിലും തരത്തിലുളള കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടുമെന്നും അധികൃതര്‍ അറിയിച്ചു. കൃത്യമായ ഡിജിറ്റല്‍ അവബോധത്തിലൂടെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത് ഒഴിവാക്കാനാകുമെന്നും യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് വ്യക്തമാക്കി.

Content Highlights: The UAE has issued a warning urging the public to remain vigilant against online threats. Citizens are advised to follow safe digital practices, verify sources, and protect personal information as part of ongoing cybersecurity awareness initiatives.

To advertise here,contact us