സ്പോർട്സ് ക്ലബുകൾക്ക് 26 മില്യൺ ദിർഹം പാരിതോഷികം; പ്രഖ്യാപനവുമായി ഷാർജ ഭരണാധികാരി

മത്സരങ്ങളില്‍ പങ്കെടുത്തവരുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാർജയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് 26 മില്യണ്‍ ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 2024-2025 സീസണില്‍ കായികരംഗത്ത് മികവ് പുലര്‍ത്തിയ ഷാര്‍ജയിലെ ക്ലബുകള്‍ക്കാണ് പുരസ്‌കാരം. മത്സരങ്ങളില്‍ പങ്കെടുത്തവരുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷാര്‍ജയിലെ കായിക മേഖലയ്ക്ക് മികച്ച പിന്തുണയാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നല്‍കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ക്ലബ്ബുകള്‍, കളിക്കാര്‍, ജീവനക്കാര്‍ എന്നിവരെ വിജയത്തിനുവേണ്ടി പരിശ്രമിക്കുന്നത് തുടരാന്‍ പ്രചോദിപ്പിക്കുക, ലോക കായിക രംഗത്ത് ഷാര്‍ജയുടെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുക എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകളാണ് ഷാര്‍ജ ഭരണാധികാരി മുന്നോട്ട് വക്കുന്നത്.

വിജയിച്ചവരെ പിന്തുണയ്ക്കുന്നതിനും ക്ലബ്ബുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭാവി പരിപാടികള്‍ക്കായി കളിക്കാരെയും ടീമുകളെയും സജ്ജമാക്കുന്നതിനും വേണ്ടിയാണ് ഭരണകൂടത്തിന്റെ പിന്തുണ. ഷാര്‍ജയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ മികച്ച റിസള്‍ട്ടുകള്‍ നല്‍കുകകയും പ്രാദേശികമായും അന്തര്‍ദേശീയമായും കായിക രംഗത്ത് ശക്തമായ സാന്നിധ്യം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ കിരീടങ്ങളും ചാമ്പ്യന്‍ഷിപ്പുകളും നേടിയ 21 ക്ലബ്ബുകളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇതില്‍ 12 സ്‌പോര്‍ട്‌സ് ക്ലബ്ബുകളും ഒമ്പത് സ്പെഷ്യലൈസ്ഡ് ക്ലബ്ബുകളും ഉണ്ട് എന്നതും പ്രധാനമാണ്.

Content Highlights: Sharjah Ruler rewards sports clubs with AED26 million for success

To advertise here,contact us