ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷത്തിനായി ദുബായ് നഗരം ഒരുങ്ങുകയാണ്. എന്നാൽ ഈ ദിവസങ്ങളിൽ നഗരത്തിലുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ പരിസരം, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൊതുഗതാഗത സമയം ദീർഘിപ്പിക്കുക, റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടുക, ട്രാഫിക് നിയന്ത്രണത്തിന് പ്രധാന്യം നൽകുക തുടങ്ങിയവാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പുതുവത്സരാഘോഷങ്ങളിലെ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളും ദുബായ് ട്രാമും തുടർച്ചയായി 43 മണിക്കൂർ പ്രവർത്തിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. 2025 ഡിസംബർ 31 ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസ് 2026 ജനുവരി ഒന്ന് വ്യാഴാഴ്ച രാത്രി 11.59 വരെ തുടർച്ചയായി പ്രവർത്തിക്കും. ദുബായ് ട്രാം ഡിസംബർ 31 രാവിലെ ആറ് മുതൽ ജനുവരി രണ്ട് വെള്ളിയാഴ്ച പുലർച്ചെ ഒരു മണി വരെയും സർവീസ് നടത്തും.
ഡൗൺടൗൺ ദുബായിലും മറ്റ് പ്രധാന ആഘോഷ സ്ഥലങ്ങളിലും റോഡുകളിലെ തിരക്ക് കുറയ്ക്കാനാണ് ഈ അധിക സർവീസുകൾ ലക്ഷ്യമിടുന്നത്. എമിറേറ്റ്സ് ടവേഴ്സ്, ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ, ബുർജ് ഖലീഫ/ദുബായ് മാൾ തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകളിൽ കൂടുതൽ സർവീസുകൾ ലഭ്യമായിരിക്കും.
ദുബായിൽ പുതുവത്സര രാത്രിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2024-ൽ 22.9 ലക്ഷം പേർ പൊതുഗതാഗതം ഉപയോഗിച്ചപ്പോൾ, 2025-ലെ ആഘോഷങ്ങളിൽ ഇത് 25 ലക്ഷത്തിലധികമായി ഉയർന്നു. നഗരത്തിലെ വലിയ ആഘോഷങ്ങൾക്കായി ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നു എന്നാണ് ആർടിഎ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വലിയ തിരക്ക് നിയന്ത്രിക്കുന്നതിനായി നഗരത്തിലുടനീളം 14,000-ത്തിലധികം ടാക്സികൾ, 18,000 ആഡംബര വാഹനങ്ങൾ, 1,300-ലധികം ബസുകൾ എന്നിവ വിന്യസിക്കും.
തിരക്ക് ഒഴിവാക്കാനും പൊതുജന സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട്, പ്രധാന ആഘോഷ മേഖലകളിലെ റോഡുകൾ പുതുവത്സര തലേന്ന് വൈകുന്നേരം നാല് മണി മുതൽ അടച്ച് തുടങ്ങും. രാത്രി 11 മണിയോടെ കൂടുതൽ റോഡുകളിലേക്ക് ഈ നിയന്ത്രണം വ്യാപിപ്പിക്കും. ആർടിഎ അറിയിപ്പ് പ്രകാരം അൽ അസയൽ സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ സ്ട്രീറ്റ്, ഫിനാൻഷ്യൽ സെന്റർ റോഡിന്റെ മുകൾ ഭാഗവും താഴത്തെ ഭാഗവും അൽ മുസ്തഖ്ബൽ സ്ട്രീറ്റ്, അൽ സുക്കൂക്ക് സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവയാണ് നിയന്ത്രണമുള്ള പ്രധാന പാതകൾ.
ഗതാഗത നിയന്ത്രണ മേഖലകളിൽ ട്രാഫിക് സിഗ്നലുകൾ കേന്ദ്രീകൃത സംവിധാനത്തിലൂടെയാകും നിയന്ത്രിക്കുക. കൂടാതെ, റോഡുകളിലെ സ്മാർട്ട് ഡിസ്പ്ലേ ബോർഡുകൾ വഴി റോഡ് അടച്ചിടലിനെക്കുറിച്ചും ബദൽ പാതകളെക്കുറിച്ചും തത്സമയ വിവരങ്ങൾ നൽകും. യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാനും ഡൗൺടൗൺ ദുബായ് മേഖല ഒഴിവാക്കി പൊതുഗതാഗതം പരമാവധി ഉപയോഗിക്കാനും അധികൃതർ വാഹന ഉടമകളോട് നിർദ്ദേശിച്ചു.
ആഘോഷവേളയിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക മുൻഗണന നൽകും. പ്രധാന പ്രവേശന കവാടങ്ങളിലെ ജനത്തിരക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനും ക്രമീകരിക്കാനും വിപുലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Content Highlights: Dubai New Year’s Eve: Metro to run 43 hours non-stop as road closures roll out