സൗദി അറേബ്യയിൽ തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ തൊഴിൽ നില മാറ്റുന്ന പുതിയ നടപടിയിൽ നിർണ്ണായക ഇളവ് പ്രഖ്യാപിച്ച് 'ഖിവ' പ്ലാറ്റ്ഫോം. 2026 ഡിസംബർ 31-ന് ശേഷം ഇഖാമയ്ക്ക് കുറഞ്ഞത് 180 ദിവസം കൂടി കാലാവധിയുള്ള പ്രവാസികൾക്ക് ഈ പുതിയ നിയന്ത്രണം ബാധകമാകില്ല. അതായത് 2027 ജൂൺ 29 വരെയോ അതിനുശേഷമോ ഇഖാമ കാലാവധിയുള്ളവർക്ക് നിലവിൽ ഈ ഇളവ് ലഭിക്കും.
ഒരു വർഷത്തിലധികമായി തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞവരെയും ജോലിയിൽ പ്രവേശിച്ച് ആറ് മാസമായിട്ടും തൊഴിൽ പെർമിറ്റ് ലഭിക്കാത്തവരെയുമാണ് ഡിസംബർ 31 മുതലുള്ള പുതിയ നടപടി ബാധിക്കുക. ഇത്തരക്കാരുടെ തൊഴിൽ നില 'ജോലിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ട നില' എന്നതിലേക്ക് മാറ്റും. തുടർന്ന് ലഭിക്കുന്ന 60 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറ്റുകയോ ഫൈനൽ എക്സിറ്റ് നേടുകയോ ചെയ്തില്ലെങ്കിൽ 'ജോലിക്ക് ഹാജരാകാത്ത നില' എന്ന വിഭാഗത്തിലേക്ക് മാറും.
എന്നാൽ 2027 ജൂൺ 29 വരെയോ അതിനുശേഷമോ ഇഖാമ കാലാവധിയുള്ളവർക്ക് ഈ മാറ്റം ബാധകമാകില്ലെന്ന് ഖിവ വ്യക്തമാക്കി. എങ്കിലും തൊഴിൽ പെർമിറ്റ് പുതുക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാകില്ല. കാലാവധി കഴിഞ്ഞ കാലയളവിലെ ഫീസുകൾ അടയ്ക്കേണ്ടത് തൊഴിലുടമയുടെ കടമയാണ്.
പ്രവാസികൾ 'അബ്ഷിർ' വഴി തങ്ങളുടെ ഇഖാമ കാലാവധി ഉടൻ പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 2027 ജൂൺ 29-ന് മുമ്പ് ഇഖാമ കാലാവധി അവസാനിക്കുന്നവരും തൊഴിൽ പെർമിറ്റ് പുതുക്കാത്തവരുമായ പ്രവാസികൾ ഡിസംബർ 31-ന് മുമ്പ് തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ തൊഴിലുടമയോട് ആവശ്യപ്പെടണമെന്നും നിർദ്ദേശമുണ്ട്.
Content Highlights: Saudi Arabia has clarified the conditions under which expatriate workers in the private sector can transfer to a new employer without the approval of their current employer. The process is handled through the Qiwa platform, but eligibility depends on the worker’s residency and work permit status, employment contract and applicable notice requirements. The clarification does not mean that all expatriates can change employers without restrictions.