റിയാദിലെ ഹൂതി ആക്രമണം; ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം

ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14ആയി

റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന് കൂടി ദാരുണാന്ത്യം. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14ആയി. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്.

'ഒക്ടോബര്‍ 10ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഐസിയുവില്‍ ചികിത്സയിലുണ്ടായ ഇന്ത്യക്കാരന്റെ വിയോഗം ഏറെ വേദനയോടെ അറിയിക്കുന്നു. ചികിത്സയിലുടനീളം കുടുംബത്തോടൊപ്പം ഞങ്ങളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം ഇന്ത്യയിലെത്തിക്കുന്നതിനോ, അല്ലെങ്കില്‍ സംസ്‌കാരം റിയാദില്‍ നടത്തുന്നതിനോ വേണ്ട എല്ലാ സഹായവും നല്‍കും', എംബസി അറിയിച്ചു. ഒക്ടോബര്‍ 10നും 11നും റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ തുടര്‍ച്ചയായി ആക്രമണം നടക്കുകയായിരുന്നു.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ വേദിയാകുന്ന 2027-ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തീയതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2027 ജനുവരിയില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിവെച്ചതായി എഎഫ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടൂര്‍ണമെന്റ് സംഘാടക സമിതിയുമായും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

24 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടം 2027 ജനുവരി 7-ന് റിയാദില്‍ ആരംഭിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ അപ്ഡേറ്റ് അനുസരിച്ച് മത്സരം 2027 ഡിസംബര്‍ 23 മുതല്‍ 2028 ജനുവരി 21 വരെയായിരിക്കും നടക്കുക. യാത്രാ തടസ്സങ്ങളും മറ്റ് ലോജിസ്റ്റിക്കല്‍ വെല്ലുവിളികളും കണക്കിലെടുത്താണ് മത്സരങ്ങള്‍ നീട്ടിപ്പിവെക്കാന്‍ തീരുമാനിച്ചതെന്ന് എഎഫ്‌സി വ്യക്തമാക്കി.

Content Highlights: Another Indian national passed away to injuries sustained in the Houthi incident at King Fahd International Airport in Riyadh, Saudi Arabia.

To advertise here,contact us