ജോലി വാഗ്ദാനം ചെയ്ത് ചതിക്കപ്പെട്ടു; മലയാളി അടക്കം എട്ട് ഇന്ത്യക്കാര്‍ സൗദിയില്‍ വധശിക്ഷാഭീഷണിയില്‍

തൃശൂര്‍ കൊച്ചന്നൂര്‍ മുതുവമ്മല്‍ സ്വദേശി 40 കാരനായ ഉമര്‍ ഷെരീഫും പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴുപേരുമാണ് സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് രണ്ട് മാസമായി ജിദ്ദയിലെ ജയിലില്‍ കഴിയുന്നത്

ജോലിയും ഉംറക്കുള്ള ചെലവും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ച കേസില്‍ മലയാളി യുവാവ് ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ വധശിക്ഷാ ഭീഷണിയില്‍. തൃശൂര്‍ കൊച്ചന്നൂര്‍ മുതുവമ്മല്‍ സ്വദേശി 40 കാരനായ ഉമര്‍ ഷെരീഫും പശ്ചിമബംഗാള്‍ സ്വദേശികളായ ഏഴുപേരുമാണ് സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് രണ്ട് മാസമായി ജിദ്ദയിലെ ജയിലില്‍ കഴിയുന്നത്. മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

സൗദിയിലെ നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 37 (1), ആര്‍ട്ടിക്കിള്‍ 62 (2) എന്നിവ പ്രകാരം പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസ് ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്.

ജിദ്ദാ വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ ലഹരിമരുന്നുമായി പിടിച്ചത്. പലസ്തീനിലെയും സുഡാനിലെയും കുട്ടികള്‍ക്കുള്ള മധുരപലഹാരങ്ങള്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം യുവാക്കളുടെ കൈവശം മയക്കുമരുന്ന് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി നല്‍കിയതെന്നാണ് ആരോപണം. തൃശൂര്‍ കൊച്ചന്നൂര്‍ സ്വദേശി ആഷിക് തങ്ങള്‍, മലപ്പുറം സ്വദേശി അലി എന്നിവരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ഉമര്‍ ഷെരീഫിന്റെ ഭാര്യ ഹാജറ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തന്റെ ഭര്‍ത്താവിനെ ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് നിവേദനത്തില്‍ പറയുന്നത്. ഉമര്‍ ഷരീഫിന്റെയും മറ്റ് പ്രതികളുടെയും മോചനത്തിനായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

അതീവ നിയന്ത്രിത ലഹരിമരുന്നായ പ്രെഗാബാലിന്‍ വന്‍തോതില്‍ ഇവരുടെ പെട്ടികളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്ത്യയിലുള്ള അലി എന്ന വ്യക്തി സൗജന്യമായി ഉംറ ചെയ്യാനുള്ള വിമാന ടിക്കറ്റും ചെലവുകളും വഹിക്കാമെന്നും ഉറപ്പ് നല്‍കി ജിദ്ദയിലുള്ളൊരാള്‍ക്ക് കൈമാറാന്‍ തന്ന പെട്ടികളാണിതെന്നും മയക്കുമരുന്നാണെന്ന് അറിയില്ലെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Eight Indians, including a Malayali youth, face incident at Saudi Arabia

To advertise here,contact us