പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷവും ഹൂതി ആക്രമണങ്ങളും ശക്തമാകുന്നതിനിടെ നിർണായക നയതന്ത്ര നീക്കവുമായി സൗദി അറേബ്യ. സൗദി പ്രതിരോധ മന്ത്രി ചാൾസ് ഖാലിദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെത്തി. പ്രതിസന്ധി പരിഹരിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് ഈ നിർണായക സന്ദർശനം.
മേഖലയിലെ സംഘർഷങ്ങൾ ശാന്തമാക്കാനും നയതന്ത്ര ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് സൗദി പ്രതിരോധ മന്ത്രിയുടെ അപ്രതീക്ഷിത ടെഹ്റാൻ സന്ദർശനം. മക്ക പ്രതിരോധ കരാറിന്റെ ഭാഗമായ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, തുർക്കി രഹസ്യാന്വേഷണ ഏജൻസി മേധാവി ഇബ്രാഹിം കലിൻ എന്നിവരും ടെഹ്റാനിലെ ഉച്ചകോടിയിൽ പങ്കെടുത്തു. ഓഗസ്റ്റിൽ രൂപീകരിച്ച മക്ക പ്രതിരോധ കരാറിനു ശേഷം ഇതാദ്യമായാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഇറാനുമായി നേരിട്ട് ചർച്ച നടത്തുന്നത്.
ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിലുള്ള സമാധാന നീക്കങ്ങൾക്ക് ശക്തമായ പിന്തുണ നൽകാനാണ് ഈ കൂടിക്കാഴ്ച. ഇതിനിടെ ഖത്തർ, സൗദി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരും ഫോണിൽ ബന്ധപ്പെട്ട് മേഖലാ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
ഹൂതി ആക്രമണങ്ങൾ സൗദി നഗരങ്ങളെയും വിമാനത്താവളങ്ങളെയും ഉന്നംവെക്കുന്ന പശ്ചാത്തലത്തിലാണ് ടെഹ്റാനിലെ ഈ നാല് രാജ്യങ്ങളുടെ ഉന്നതതല യോഗം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. യു.എസുമായി പരോക്ഷ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സൈനിക നടപടികൾ ഒഴിവാക്കി സമാധാനപരമായ ധാരണയിലെത്താൻ ടെഹ്റാനിലെ നിർണായക നയതന്ത്ര ചർച്ചകളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
Content Highlights: Saudi Arabia, Pakistan and Turkey are holding talks in Tehran with Iranian officials to ease US-Iran tensions, promote diplomatic solutions and prevent further regional escalation