സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ബ്രിട്ടന്റെ ഉറപ്പ്; വ്യോമപ്രതിരോധം ശക്തമാക്കാൻ ധാരണ

സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു

സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണ്ണായക സൈനിക നീക്കവുമായി ബ്രിട്ടൻ. ഹൂതികളുടെ വ്യോമാക്രമണങ്ങൾ ചെറുക്കുന്നതിനായി സൗദി അറേബ്യയിൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് റോയൽ എയർഫോഴ്‌സിന്റെ പോർവിമാനങ്ങൾ വിന്യസിക്കാൻ യുകെ തീരുമാനിച്ചത്.

ഹൂത്തികൾക്കെതിരെ നേരിട്ടുള്ള പ്രത്യാക്രമണങ്ങൾ നടത്തുന്നതിന് പകരമായി, സൗദിയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാകും ഈ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുക. ഇതിന് പുറമെ റോയൽ എയർഫോഴ്‌സിന്റെ 'A400M' തന്ത്രപ്രധാന ഗതാഗത വിമാനവും സൈനിക ഉപദേശകരുടെ പ്രത്യേക സംഘത്തെയും ബ്രിട്ടൻ മേഖലയിൽ വിന്യസിക്കും.

സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനുള്ള ഹൂതികളുടെ ശ്രമങ്ങളുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം വിമർശിച്ചു.

നിലവിൽ സൗദി അറേബ്യയുടെ പ്രധാന ഊർജ്ജ നിലയങ്ങൾക്കും തീരപ്രദേശങ്ങളിലെ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ഭീഷണികൾ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബ്രിട്ടന്റെ ഈ പുതിയ സൈനിക സഹകരണം സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: The UK has announced additional military support for Saudi Arabia, including RAF Typhoon fighter jets, a transport aircraft and military advisers to help defend Saudi cities and critical infrastructure against Houthi missile and drone attacks.

To advertise here,contact us