സൗദി അറേബ്യയിലെ മക്കയിൽ ചൊവ്വാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. മൂന്നാമത്തെ കുട്ടിയെ രക്ഷപ്പെടുത്തിയതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. മൂന്ന് കുട്ടികൾ കുത്തിയൊഴുകുന്ന പ്രളയജലത്തിൽപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ ഒരു കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചെങ്കിലും രണ്ടാമത്തെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാണാതായ മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സിവിൽ ഡിഫൻസ് സംഭവം സ്ഥിരീകരിച്ചത്. മഴയുള്ള സമയങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴവെള്ളം വേഗത്തിൽ ഒഴുകിയെത്താൻ സാധ്യതയുള്ള താഴ്വരകൾ, വെള്ളമൊഴുകുന്ന ചാലുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവയുടെ സമീപത്തേക്ക് പോകരുതെന്ന് പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർന്ന് താഴ്വരകളിലൂടെയും നീർച്ചാലുകളിലൂടെയും ശക്തമായി ഒഴുകുന്ന വെള്ളം ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്നും അധികൃതർ ഓർമിപ്പിച്ചു.
കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
Content Highlights: Flash floods in Mecca, Saudi Arabia, swept away three children; one passed away, one remains missing, and the third was rescued by Civil Defence teams.