ഹൂതി ആക്രമണങ്ങളെ അപലപിച്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. രാജ്യ സുരക്ഷ ഉറപ്പാക്കി പൗരന്മാരെ സംരക്ഷിക്കാൻ സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രാലയം . അതേസമയം, ഹൂതി ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഖായ് നിഷേധിച്ചു.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയന്മാർ എന്നിവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തെ പ്രത്യേകമായി അപലപിച്ച കൗൺസിൽ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
ഹൂതികൾക്ക് ആയുധങ്ങളും സൈനിക സഹായങ്ങളും ലഭിക്കുന്നത് തടയാൻ പ്രായോഗികമായ അന്താരാഷ്ട്ര സഹകരണം വേണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ചെങ്കടലിലും ബാബ് അൽ മന്ദാബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും, യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും കൗൺസിൽ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് സൗദി വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
അതേസമയം, റിയാദിലുണ്ടായ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകിയെന്ന സൗദിയുടെ ആരോപണം ഇറാൻ നിഷേധിച്ചു. യെമനിലെ സായുധ സേന സ്വതന്ത്ര താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മേഖലയിൽ പിരിമുറുക്കം വർദ്ധിക്കുന്നത് ഒരു കക്ഷിയുടെയും താൽപ്പര്യങ്ങൾക്ക് ഗുണം ചെയ്യില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു.
Content Highlights: Saudi Arabia welcomes the UN Security Council’s condemnation of Houthi attacks targeting the Kingdom, including civilian facilities, airports and vital infrastructure.