യമനെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു താവളമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ. തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരവും വിഭവങ്ങളും സംരക്ഷിക്കാനും രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ചെറുക്കാനുമുള്ള സൗദിയുടെ സ്വാഭാവിക അവകാശത്തെക്കുറിച്ചും അധികൃതർ ഊന്നിപ്പറഞ്ഞു.
യമനിലെ സ്ഥിതിഗതികളെ വിലയിരുത്തുന്നതിനായി ചേർന്ന യുഎൻ രക്ഷാ സമിതി യോഗത്തിൽ സംസാരിക്കവെയാണ് യുഎന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുൾ അസീസ് അൽവാസിൽ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹൂതി തീവ്രവാദ സംഘടന നടത്തിയ ആക്രമണങ്ങളെ സൗദി ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ കരാറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി തങ്ങളുടെ പ്രദേശങ്ങളും വിഭവങ്ങളും പരമാധികാരവും പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും സമാധാനം നിലനിർത്താനും ആക്രമണങ്ങളെ ചെറുക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള തങ്ങളുടെ സ്വാഭാവിക അവകാശം ആവർത്തിച്ചു വ്യക്തമാക്കി. ഹൂതി സംഘടനയുടെ തുടർച്ചയായ പ്രകോപനങ്ങളും സാധാരണക്കാരെ ലക്ഷ്യമിടുന്നതും ചെങ്കടലിലെയും ബാബ് അൽമന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്നതും യമനിലും പ്രദേശത്തും മാത്രം ഒരുങ്ങുന്നതല്ല.
അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ആഗോള വാണിജ്യ നീക്കങ്ങളെയും അന്താരാഷ്ട്ര വിതരണ ശൃംഖലയെയും ബാധിക്കുന്ന ഗൗരവമേറിയ ഭീഷണിയാണിതെന്നും അൽവാസിൽ പറഞ്ഞു. പൊതുവെ മേഖലയിലെയും പ്രത്യേകിച്ചും യമനിലെയും സ്ഥിതിഗതികളിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് രക്ഷാസമിതിയുടെ പ്രസിഡന്റിനും അംഗങ്ങൾക്കും അൽവാസിൽ നന്ദി അറിയിച്ചു. നിർണായകമായ സാഹചര്യങ്ങളും പ്രധാനപ്പെട്ട സംഭവ വികാസങ്ങൾക്കിടയിലുമാണ് രക്ഷാസമിതി യോഗം ചേരുന്നത്. അതിനാൽ ഇതിന്റെ അപകട സാധ്യതകളെയും ഭീഷണികളെയും പരമാവധി ഉത്തരവാദിത്തത്തോടെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Saudi Arabia has warned that it will not allow Yemen to become a base that threatens its national security, reaffirming its concerns over regional security.