സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും അതിനെത്തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ ആവശ്യപ്പെട്ടു. സുരക്ഷിതമായ ഇടങ്ങളിൽ തുടരാനും താഴ്വരകൾ, വാദികൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും നിർദ്ദേശമുണ്ട്.
മക്ക മേഖലയിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റു മൂലം പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മക്ക നഗരം, അൽ കാമിൽ, അൽ ജുമും, ബഹ്ര, തായിഫ്, മൈസാൻ, അദാം, അൽ അർദിയാത്ത് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. അൽ ലിത്ത്, അൽ ഖുൻഫുദ എന്നീ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽ ബാഹ എന്നീ മേഖലകളിലും ഇടത്തരം മുതൽ ശക്തമായ മഴ ലഭിച്ചേക്കാം. ഇവിടെയും വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും കാറ്റിനും സാധ്യതയുണ്ട്. മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ഇറങ്ങുന്നതും വാദികളിലോ പ്രളയജലത്തിലോ നീന്തുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
Content Highlights: Saudi Arabia has issued a weather warning as thunderstorms and moderate to heavy rain are expected across several regions through Saturday, with flash floods and hail possible. Saudi Press Agency