സൗദിയിലെ റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയാൽ കനത്ത പിഴ; നിരീക്ഷണത്തിന് പ്രത്യേക സംഘം

സൗദിയിലെ വിവിധ നഗരങ്ങളിൽ നിയമവിരുദ്ധ റേസിംഗുകൾ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനുമതിയില്ലാതെ വാഹന റേസിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കും ഒന്നിലധികം വാഹനങ്ങൾ കൂട്ടത്തോടെ ഒരുമിച്ച് ഓടിക്കുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി ട്രാഫിക് ഡയറക്ടറേറ്റ്. നിയമലംഘനം നടത്തുന്ന വാഹനമോടിക്കുന്നവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ (ഏകദേശം 1.35 ലക്ഷം ഇന്ത്യൻ രൂപ വരെ) പിഴ ചുമത്തുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

സൗദിയിലെ വിവിധ നഗരങ്ങളിൽ നിയമവിരുദ്ധ റേസിംഗുകൾ കണ്ടെത്താൻ ട്രാഫിക് വിഭാഗം പ്രത്യേക ഫീൽഡ് ടീമുകളെയും രഹസ്യ നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാരെ ഉടനടി കണ്ടെത്തി ബന്ധപ്പെട്ട നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറുന്ന രീതിയിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

പൊതുനിരത്തുകളിലെ അനുമതിയില്ലാത്ത വാഹനാോട്ട മത്സരങ്ങളും കൺവോയ് ഡ്രൈവിംഗും ഗതാഗത തടസ്സമുണ്ടാക്കാൻ കാരണമാകുന്നു. ഇതിനുപുറമെ, മറ്റ് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തകാലത്തായി അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം നടപ്പിലാക്കി വരുന്നത്.

കർശനമായ ട്രാഫിക് പ്ലാനുകളും പരിശോധനകളും കാരണം മാരകമായ അപകടങ്ങൾക്ക് കാരണമായിരുന്ന അശ്രദ്ധമായ ഡ്രൈവിംഗ് വലിയ അളവിൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊതുനിരത്തുകൾ റേസിംഗിനോ മറ്റ് നിരോധിത പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കരുതെന്നും ഗതാഗത നിയമങ്ങൾ പൂർണ്ണമായും പാലിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.

Content Highlights: Saudi Arabia is strengthening action against road stunts, with heavy fines for those engaging in such activities on public roads. A special team will also monitor roads to identify and take action against violations, as authorities seek to improve road safety.

To advertise here,contact us