സൗദിയുടെ തെക്കൻ മേഖലകളിൽ ഹൂതി ആക്രമണം; തിരിച്ചടി നൽകുമെന്ന് സൗദി സേന

യെമൻ സർക്കാരും ഹൂതികളും തമ്മിലുള്ള വെടിനിർത്തൽ ധാരണകൾ തകർന്നതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്

സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകളിൽ ഉണ്ടായ ഹൂതി ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 73 പേർക്ക് പരിക്കേറ്റതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അബഹ, ഖമീസ് മുഷൈത്, ജസാൻ, നജ്‌റാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ, സാമ്പത്തിക മേഖല എന്നിവയെ ലക്ഷ്യമിട്ടയിരുന്നു ആക്രമണം. ഹൂതികളുടെ ശത്രുതാപരമായ സമീപനവും നിയമവിരുദ്ധ നടപടികളും യെമനിന്റെയും ചുറ്റുമുള്ള അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങളോടുള്ള ഹൂതികളുടെ തുടർച്ചയായ വിമുഖതയാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയും ഹൂതികളുടെ തുടർച്ചയായ നടപടികളെ അപലപിച്ചു. സൗദിയെയും രാജ്യത്തിന്റെ ദേശീയ ശേഷികളെയും പൗരന്മാരെയും ലക്ഷ്യമിടുന്ന നടപടികൾ അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സൗദിയുടെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഭീഷണിയുയർത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും ആക്രമണത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ സെെനിക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേ​ഹം മുന്നറിയിപ്പ് നൽകി.

യെമൻ സർക്കാരും ഹൂതികളും തമ്മിലുള്ള വെടിനിർത്തൽ ധാരണകൾ തകർന്നതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ജൂലെെയിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ ചെങ്കടലിൽ സൗദി കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. അതേസമയം യെമനിലെ അൽ ജോഫ് പ്രവിശ്യയിലുള്ള തടവുകേന്ദ്രത്തിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണതക്തിൽ കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടതായും ഹൂതികൾ ആരോപിച്ചു. എല്ലാ തരത്തിലുള്ള സംഘർഷവും ഭീഷണികളും അടിയന്തരമായി അവസാനിപ്പിക്കണമെന്നും സമുദ്രസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

Content Highlight: Saudi authorities have intensified security measures in the Kingdom’s southern regions following recent developments, while reaffirming their commitment to protecting residents and maintaining stability.

To advertise here,contact us