നയതന്ത്ര ബന്ധം ശക്തമാക്കാൻ സൗദിയും സെർബിയയും; ഹ്രസ്വകാല സന്ദർശനങ്ങൾക്കുള്ള വിസ ഒഴിവാക്കും

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യയും സെർബിയയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പരസ്പരം വിസ ഇളവ് കരാറിൽ ഒപ്പുവെച്ചു. ഡിപ്ലോമാറ്റിക്, സ്പെഷ്യൽ, സർവീസ് പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്കാണ് ഹ്രസ്വകാല സന്ദർശനങ്ങൾക്കുള്ള വിസ ഒഴിവാക്കി നൽകിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ വെച്ച് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അൽ ഖുറൈജിയും സെർബിയൻ വിദേശകാര്യമന്ത്രി മാർക്കോ ജ്യൂറിചും തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരന് പകരക്കാരനായാണ് ഉപമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.

കരാർ ഒപ്പുവെക്കലിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ നയതന്ത്ര ബന്ധങ്ങൾ ഇരുനേതാക്കളും അവലോകനം ചെയ്യുകയും പരസ്പര സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. സൗദിയുമായി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തമാക്കാനും ശാസ്ത്ര സാങ്കേതിക മേഖലകളിലും കയറ്റുമതിയിലും കൂടുതൽ സഹകരിക്കാനും താൽപ്പര്യമുണ്ടെന്ന് സെർബിയ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Saudi Arabia and Serbia are taking steps to strengthen diplomatic relations, including plans to waive visa requirements for short-term visits. The move is expected to facilitate travel and further enhance ties between the two countries.

To advertise here,contact us