സൗദി അറേബ്യയുടെ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ 'സൗദിയ'യും 'റിയാദ് എയറും' തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള കരാറിന്റെ ആദ്യഘട്ടം നിലവിൽ വന്നതോടെ യാത്രക്കാർക്ക് കൂടുതൽ മികച്ച കണക്റ്റിവിറ്റിയും യാത്രാസൗകര്യങ്ങളും ലഭ്യമാകും.
കരാർ അനുസരിച്ച്, റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ഹബ്ബിൽ നിന്ന് സൗദിയ സർവീസ് നടത്തുന്ന ആറ് പ്രധാന ആഭ്യന്തര റൂട്ടുകളിൽ റിയാദ് എയറിന്റെ 'ആർഎക്സ്' എന്ന കോഡ് കൂട്ടിച്ചേർക്കും. ജിദ്ദ, മദീന, ദമാം, അബഹ, തബൂക്ക്, ഖസീം എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള ദൈനംദിന സൗദിയ സർവീസുകളിലാണ് ഈ സൗകര്യം ലഭിക്കുക. ഇത് വിദേശത്തുനിന്നും രാജ്യത്തിനുള്ളിൽ നിന്നും എത്തുന്ന റിയാദ് എയർ യാത്രക്കാർക്ക് തടസ്സമില്ലാത്ത കണക്ഷൻ സർവീസുകൾ ഉറപ്പാക്കുന്നു.
കിങ് ഖാലിദ് എയർപോർട്ടിലെ 1 മുതൽ 4 വരെയുള്ള ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് രണ്ട് വിമാനക്കമ്പനികളും പ്രവർത്തിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ തന്നെ കണക്ഷൻ വിമാനങ്ങൾ ബുക്ക് ചെയ്യാനും പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് തന്നെ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലഗേജ് നേരിട്ട് ചെക്ക് ഇൻ ചെയ്യാനും സാധിക്കും.
സൗദി അറേബ്യയിലെ ആഭ്യന്തര-അന്താരാഷ്ട്ര വ്യോമബന്ധം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന ലക്ഷ്യം. വരും മാസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് കോഡ് ഷെയറിങ് വ്യാപിപ്പിക്കുന്നതിനൊപ്പം, ഇരു കമ്പനികളുടെയും പ്രീമിയം ലോഞ്ചുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ലോയൽറ്റി പോയിന്റുകൾ പങ്കുവെക്കാനുള്ള അവസരവും യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Saudia and Riyadh Air are joining hands to provide passengers with convenient connecting journeys on a single ticket, enhancing travel options and connectivity through Saudi Arabia.