സൗദി അറേബ്യയുടെ പൊതുവിദ്യാഭ്യാസ നിയമത്തിന് അം​ഗീകാരം

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് സ്കൂളുകളിലെ പഠനാന്തരീക്ഷവും വിദ്യാഭ്യാസ ഗുണനിലവാരവും ഉയർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

സൗദി അറേബ്യയുടെ പൊതുവിദ്യാഭ്യാസ നിയമത്തിന് അംഗീകാരം ലഭിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഭരണനിർവ്വഹണത്തിലും സ്വകാര്യ നിക്ഷേപങ്ങളിലും സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതാണ് പുതിയ നിയമം. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച്, സ്കൂളുകളിലെ പഠനാന്തരീക്ഷവും വിദ്യാഭ്യാസ ഗുണനിലവാരവും ഉയർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായ വലിയ പരിഷ്കാരങ്ങൾക്കാണ് പുതിയ നിയമം വഴിതുറക്കുന്നത്. നയരൂപീകരണം, ആസൂത്രണം, സ്കൂളുകളുടെ നിയന്ത്രണവും നിരീക്ഷണവും എന്നിവയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൊതുവിദ്യാഭ്യാസ കാര്യ കൗൺസിലിന്റെയും ചുമതലകൾ നിയമം വ്യക്തമായി നിർവ്വചിക്കുന്നുണ്ട്. പുതിയ നിയമത്തിന് അംഗീകാരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുള്ള അൽ-ബെന്യാൻ നന്ദി രേഖപ്പെടുത്തി.

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുടെ പങ്കാളിത്തവും നിക്ഷേപങ്ങളും വർദ്ധിപ്പിക്കാൻ നിയമം സഹായകരമാകും. സ്കൂളുകളിൽ സുരക്ഷിതവും മികവാർന്നതുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവകാശങ്ങളും സുരക്ഷിതത്വവും നിയമത്തിലൂടെ വാഗ്ദാനം ചെയ്യുന്നു. അധ്യാപന നിലവാരം ഉയർത്തുന്നതിലും വിദ്യാഭ്യാസത്തിൽ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും പുതിയ മാറ്റങ്ങൾ നിർണ്ണായകമാകും.

ഇ-ലേണിംഗ്, തുടർവിദ്യാഭ്യാസം എന്നിവയ്‌ക്കൊപ്പം ശൈശവകാല പരിചരണത്തിനും ഭിന്നശേഷിയുള്ള കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾക്കും നിയമത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കഴിവുകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളും പുതിയ പൊതുവിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമാണ്. സുസ്ഥിരമായ വികസനം ഉറപ്പാക്കി വിദ്യാഭ്യാസ രംഗത്ത് ലോകോത്തര മാതൃകകൾ സൃഷ്ടിക്കുകയാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം.

Content Highlight: Saudi Arabia has granted royal approval to its new Public Education Law, marking a significant step in the country's education sector reform

To advertise here,contact us