യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ഹൂതികളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി സൗദി അറേബ്യ. യെമൻ ജനതയെ സൗദി ഉപരോധിക്കുകയാണെന്ന വാദം കള്ളമാണെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറും അനുസരിച്ച് തങ്ങളുടെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യെമൻ ജനതയുടെ ദുരിതം കുറയ്ക്കാൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരുമായി ചേർന്ന് അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക സഹായം, ഇന്ധന വിതരണം എന്നിവ സൗദി അറേബ്യ നിരന്തരം നൽകിവരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ഭക്ഷണം, ഇന്ധനം, നിർമ്മാണ സാമഗ്രികൾ എന്നിവയുമായി 300-ലധികം ചരക്കുകപ്പലുകൾ യെമനിലെ ഹുദൈദ, സലീഫ്, റാസ് ഈസ എന്നീ തുറമുഖങ്ങളിൽ പ്രവേശിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതി പ്രമേയം 2216 പ്രകാരമുള്ള ആയുധക്കടത്ത് തടയാനുള്ള പരിശോധനകൾ മാത്രമാണ് നടക്കുന്നത്.
ഹൂതികൾ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സാമ്പത്തിക തകർച്ചയിൽ നിന്നും ജനരോഷത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സൗദിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രാലയം ആരോപിച്ചു. 2020-ലെ ഏദൻ വിമാനത്താവള ആക്രമണം, 2022-ൽ എണ്ണക്കയറ്റുമതി ടെർമിനലുകൾക്ക് നേരെയുണ്ടായ ആക്രമണം, യെമനിയ എയർവേയ്സിന്റെ വിമാനങ്ങൾ പിടിച്ചെടുത്തത്, ചെങ്കടലിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള ഹൂതികളുടെ നടപടികളാണ് യെമനിലെ സമ്പദ്വ്യവസ്ഥയെ തകർത്തതെന്ന് സൗദി പരാമർശിച്ചു.
യെമൻ തലസ്ഥാനമായ സനാ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയെന്നും ഉപരോധം ഏർപ്പെടുത്തിയെന്നും ആരോപിച്ചാണ് സൗദിക്കെതിരെ സമുദ്ര ഉപരോധം ഏർപ്പെടുത്തുന്നതായി ഹൂതി വക്താവ് യഹ്യ സാരി പ്രഖ്യാപിച്ചത്. യമനില്‍ സമാധാനം കൈവരിക്കുകയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍, പ്രത്യേകിച്ച് യമനിലെ 2216-ാം പ്രമേയവും ചെങ്കടലിലെ നാവിഗേഷന്‍ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള 2722-ാം പ്രമേയവും നടപ്പിലാക്കുന്നതിലൂടെ പ്രസക്തമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സൗദി അന്താരാഷ്ട്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
Content Highlight: Saudi Arabia has dismissed claims made by the Houthis and reiterated its commitment to safeguarding maritime navigation