സൗദി അറേബ്യയിൽ ഒന്നര പതിറ്റാണ്ടോളമായി പ്രവാസിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് അത്തോളി ചീക്കിലോട് സ്വദേശി പുതിയേടത്ത് വീട്ടിൽ അരുൺ വിജയൻ ആണ് മരിച്ചത്. 42 വയസായിരുന്നു. കിഴക്കൻ പ്രവിശ്യയായ അൽ ഖോബാറിലായിരുന്നു സംഭവം.
ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിൽ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ അരുണിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ വാഹനത്തിൽ വെച്ച് അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചയുടൻ ഡോക്ടർമാർ പരിശോധകൾ നടത്തിയെങ്കിലും യാത്രാമദ്ധ്യേവെച്ച് തന്നെ മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ 14 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ അരുൺ വിജയൻ, അൽ ഖോബാറിലെ പ്രമുഖ സ്ഥാപനമായ റസായത്ത് കമ്പനിയിൽ ക്വാളിറ്റി ആന്റ് ഹൈജീൻ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. വിജയൻ നായർ, റീന വാവുകാട്ടിൽ എന്നിവരാണ് മാതാപിതാക്കൾ. അൽ ഖോബാർ റഫ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ശ്രുതി ബേബിയാണ് ഭാര്യ. മകൻ: അദ്നാൻ.
നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി അരുൺ ജോലി ചെയ്തിരുന്ന റസായത്ത് കമ്പനി, റഫ ആശുപത്രി അധികൃതർ, നവോദയ ഖോബാർ ഏരിയ കുടുംബവേദി പ്രവർത്തകർ എന്നിവർ സജീവമായി രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. അരുൺ വിജയന്റെ അകാല നിര്യാണത്തിൽ നവോദയ കുടുംബവേദി ഖോബാർ മക്ക സ്ട്രീറ്റ് യൂണിറ്റ് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
Content Highlights: A young Malayali expatriate has died in Saudi Arabia due to a heart attack, leaving family and friends in grief.