സൗദി അറേബ്യയിലെ ആഭ്യന്തര ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവേകിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ അസീർ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു. സ്വകാര്യ മേഖലയുടെ വൻകിട വികസന പദ്ധതികളുടെ ഭാഗമായി അസീറിലെ പ്രശസ്തമായ 'അൽ വാദി റിസോർട്ടി'ലാണ് ഈ വിസ്മയ ജലധാര ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ഡാൻസിങ് ഫൗണ്ടൻ, മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ജലധാര എന്നിങ്ങനെയുള്ള വിശേഷണവും ഈ ഫൗണ്ടന് സ്വന്തമായി. ഏകദേശം 120 മീറ്റർ ഉയരത്തിൽ ഈ ഫൗണ്ടന് വെള്ളം ചീറ്റാൻ കഴിയും.
ഏകദേശം 1.6 കോടിയിലധികം സൗദി റിയാൽ ചെലവഴിച്ച് നിർമിച്ച ഈ മനോഹരമായ ഫൗണ്ടൻ പരിസ്ഥിതി സൗഹൃദപരമായാണ് പ്രവർത്തിക്കുന്നത്. 70 ലക്ഷത്തിലധികം ലിറ്റർ വെള്ളം പുനരുപയോഗിച്ചാണ് ഫൗണ്ടന്റെ പ്രവർത്തനം. മൂന്ന് ലക്ഷത്തിലധികം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ടൂറിസം പ്രൊജക്റ്റിന്റെ പ്രധാന ആകർഷണമായി മാറുകയാണ് ഈ ഫൗണ്ടൻ. വർഷം മുഴുവനും സന്ദർശകർക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പാകത്തിൽ മനോഹരമായ പൂന്തോട്ടങ്ങൾ, കൃഷിഭൂമികൾ, വൈവിധ്യമാർന്ന റെസ്റ്റോറന്റുകൾ, കഫേകൾ, തിയേറ്റർ, ഇൻഡോർ ഇവന്റ് ഹാളുകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അസീർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഫൗണ്ടൻ മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിനുപുറമേ, അസീർ മേഖലയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന 60,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പൈതൃക ഗ്രാമവും ഈ റിസോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രാദേശിക പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന പരമ്പരാഗത വിപണികളും കടകളും പ്രവർത്തിക്കുന്നുണ്ട്. ഈ പ്രദേശത്തിന്റെ ചരിത്രപരമായ വ്യക്തിത്വം വ്യക്തമാക്കുന്ന ഒരു ഹെറിറ്റേജ് മ്യൂസിയം അടുത്ത മാസം ഇവിടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നിലവിലെ വേനൽക്കാല ടൂറിസം സീസൺ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ അർദ്ധരാത്രി വരെ സന്ദർശകർക്കായി നിരവധി വിനോദ പരിപാടികൾ ഉണ്ടായിരിക്കും. ആകർഷകമായ മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ പ്രകടനങ്ങൾ, സ്റ്റേജ് ഷോകൾ തുടങ്ങി വൈവിധ്യമാർന്ന ആക്റ്റിവിറ്റികളാണ് റിസോർട്ടിൽ ഒരുക്കിയിരിക്കുന്നത്.
Content Highlights: Saudi Arabia has added a major attraction to its tourism sector with the launch of the world’s third-largest fountain. The project is expected to boost the country’s entertainment and tourism appeal.