സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്ടിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന്റെ മുൻഭാഗത്തു നിന്നാണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. അപകട വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് വിഭാഗം ഉടനടി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ധനം നിറഞ്ഞ ടാങ്കറായതിനാൽ വലിയ സ്ഫോടനത്തിനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു.
തീപിടുത്തത്തെ തുടർന്ന് ടാങ്കറിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്കും അടുത്തുള്ള വാണിജ്യ സമുച്ചയത്തിന്റെ മുൻഭാഗത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, തീ മറ്റ് കെട്ടിടങ്ങളിലേക്കോ വാഹനങ്ങളിലേക്കോ പടരാതെ പൂർണ്ണമായും തടയാൻ സിവിൽ ഡിഫൻസ് സംഘത്തിന് സാധിച്ചു.
അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ ജീവഹാനി സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. പെട്രോൾ ടാങ്കറിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
Content Highlights: A petrol tanker caught fire in Riyadh, Saudi Arabia. Civil Defense teams quickly responded and brought the situation under control, preventing a major accident and ensuring public safety.