അന്താരാഷ്ട്ര ടെന്നീസ് രംഗത്ത് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ 'നാഷണൽ ടെന്നീസ് സെന്റർ' നിർമ്മിക്കാനുള്ള പദ്ധതികൾ സൗദി അറേബ്യയുടെ ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി പുറത്തുവിട്ടു. അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റുകളുടെ പ്രധാന കേന്ദ്രമായി സൗദിയെ മാറ്റുന്നതിനൊപ്പം പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കാനും കായികരംഗത്ത് ജനപങ്കാളിത്തം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വൻകിട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
റിയാദിന് പടിഞ്ഞാറുള്ള 'ഖിദ്ദിയ സിറ്റി'യിൽ ഈ കോംപ്ലക്സിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര സ്പോർട്സ് സ്ഥാപനമായ 'പോപ്പുലസ്' ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എടിപി, ഡബ്ല്യുടിഎ, ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ എന്നിവയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന ഈ കേന്ദ്രത്തിൽ ആകെ 30 കോർട്ടുകൾ ഉണ്ടായിരിക്കും. ഇതിൽ 28 ഹാർഡ് കോർട്ടുകളും രണ്ട് കളിമൺ കോർട്ടുകളും ഉൾപ്പെടുന്നു. ലോകത്തെ പ്രമുഖ പ്രൊഫഷണൽ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം സൗദിയിലെ കളിക്കാരുടെ പരിശീലന കേന്ദ്രമായും ഇത് പ്രവർത്തിക്കും.
ആകെ 33,000 കാണികളെ ഈ കോംപ്ലെക്സിന് ആകെ ഉൾക്കൊള്ളാൻ കഴിയും. ഇൻഡോർ, പ്രാക്ടീസ് കോർട്ടുകൾക്ക് പുറമെ കായിക താരങ്ങൾക്ക് ഫിറ്റ്നെസ് സെന്ററുകളും ഇവിടെയുണ്ടാകും. ഫാൻ സോണുകൾ, പൊതു വിനോദ മേഖലകൾ എന്നിവയും ഈ കോംപ്ലക്സിൽ ഉൾപ്പെടുത്തും. വലിയ ടൂർണമെന്റുകൾ ഇല്ലാത്ത സമയങ്ങളിലും വർഷം മുഴുവൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് കോംപ്ലെക്സ് സജ്ജീകരിച്ചിരിക്കുന്നത്.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വലിയ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് സൗദി കായിക മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. എല്ലാ തലങ്ങളിലുമുള്ള ടെന്നീസ് കളിക്കാർക്കായുള്ള ലോകോത്തര കേന്ദ്രമായിരിക്കും ഇതെന്നും അടുത്ത തലമുറയിലെ സൗദി താരങ്ങളെ വളർത്തിയെടുക്കാൻ പദ്ധതി സഹായിക്കുമെന്നും ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി സിഇഒ അബ്ദുള്ള അൽദാവൂദും പ്രതികരിച്ചു.
ടെന്നീസിന് പുറമെ സംഗീത കച്ചേരികൾ, ഇ-സ്പോർട്സ് മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, മറ്റ് കായിക വിനോദങ്ങൾ എന്നിവയ്ക്കും ഈ വേദി ഉപയോഗിക്കാം. സൗദി അറേബ്യയുടെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായാണ് കോംപ്ലെക്സ് നിർമ്മിക്കുന്നത്. ഖിദ്ദിയ സിറ്റിയിൽ അടുത്തിടെ തുറന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്കായ അക്വാറേബിയ, ഫിലിം പ്രൊഡക്ഷൻ ഹബ്ബായ പ്ലേ മേക്കർ സ്റ്റുഡിയോസ് എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ ടെന്നീസ് സെന്ററിന്റെ പ്രഖ്യാപനവും എത്തിയിരിക്കുന്നത്.
Content Highlights: Saudi Arabia is taking a significant step in sports development by establishing the largest tennis center in the Middle East. The project is expected to boost tennis participation, host international tournaments, and strengthen the country's position as a leading global sports hub.