പ്രവർത്തനത്തിൽ നിയമലംഘനങ്ങൾ; 21 ഉംറ സീസൺ കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് സൗദി

സേവന നിലവാരത്തെയോ ഉംറ തീർത്ഥാടകരുടെ അവകാശങ്ങളെയോ ബാധിക്കുന്ന വീഴ്ചകളോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രാലയം

കഴിഞ്ഞ സീസണിലെ പ്രവർത്തന വിലയിരുത്തലുകൾക്ക് പിന്നാലെ 21 ഉംറ സർവീസ് കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഹജ്ജ്-ഉംറ മന്ത്രാലയം. ചില ഓപ്പറേറ്റർമാരുടെ സേവന നിലവാരത്തിലുണ്ടായ ഇടിവും ചട്ടലംഘനങ്ങളുമാണ് നടപടിക്ക് കാരണമായതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന ഉംറ സീസണിന്റെ ആദ്യഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും തീർത്ഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അംഗീകൃത മൂല്യനിർണ്ണയ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ പ്രകടന സ്കോർ രേഖപ്പെടുത്തിയതിനെ തുടർന്നാണ് 15 കമ്പനികളെ സസ്പെൻഡ് ചെയ്തത്. തിരുത്തൽ നടപടികൾ ആവശ്യമുള്ള നിയമലംഘനങ്ങൾ നടത്തിയതിനാണ് മറ്റ് ആറ് കമ്പനികൾക്കെതിരെ നടപടിയെടുത്തത്.

സേവനങ്ങളുടെ ഗുണനിലവാരവും നിയമപാലനവും അളക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രവർത്തനപരവും മേൽനോട്ടപരവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ വിലയിരുത്തൽ സംവിധാനം നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യകരമായ മത്സരം ശക്തിപ്പെടുത്തുക, നിലവാരം ഉയർത്തുക, തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ അനുഭവം ഉറപ്പാക്കുക എന്ന സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സേവന നിലവാരത്തെയോ ഉംറ തീർത്ഥാടകരുടെ അവകാശങ്ങളെയോ ബാധിക്കുന്ന വീഴ്ചകളോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. നിയമങ്ങൾ കർശനമായി നടപ്പാക്കും. ഈ മേഖലയുടെ പുരോഗതിക്ക് നിരന്തരമായ വിലയിരുത്തൽ അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Saudi Arabia has suspended the licenses of 21 Umrah season companies after identifying regulatory and operational violations. The decision is part of efforts to ensure compliance, improve service quality, and maintain proper standards for pilgrims during the Umrah season.

To advertise here,contact us