സൗദി അറേബ്യയിൽ വാണിജ്യ നിയമലംഘനങ്ങൾക്കെതിരെ പരിശോധന കർശനമാക്കി മന്ത്രാലയം. കഴിഞ്ഞ മേയ് മാസത്തിൽ മാത്രം നടത്തിയ പരിശോധനകളിൽ ബിനാമി ബിസിനസ് ഉൾപ്പെടെ 135 സംശയാസ്പദ കേസുകളാണ് അധികൃതർ കണ്ടെത്തിയത്. പിടിയിലായവർക്കെതിരെ കനത്ത പിഴയും തടവും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ബിനാമി കച്ചവടങ്ങൾ ഇല്ലാതാക്കാനായി രൂപീകരിച്ച 'ആന്റി-കൺസീൽമെന്റ് പ്രോഗ്രാമിന്റെ' നേതൃത്വത്തിൽ മേയ് മാസത്തിൽ മാത്രം 3,445 പരിശോധനാ ക്യാമ്പെയ്നുകളാണ് നടത്തിയത്. ശീതീകരിച്ച മാംസ-കോഴി ഉൽപ്പന്നങ്ങളുടെ വിൽപനശാലകൾ, വാഹന സ്പെയർ പാർട്സ് വ്യാപാര കേന്ദ്രങ്ങൾ, കാർ ആക്സസറീസ്, വാഹന അറ്റകുറ്റപ്പണി സ്ഥാപനങ്ങൾ, താമസ കെട്ടിട നിർമാണ മേഖല, ട്രാൻസ്പോർട്ട്-കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.
ആന്റി-കൊമേഴ്സ്യൽ കൺസീൽമെന്റ് നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. കൂടാതെ നിയമവിരുദ്ധമായി സമ്പാദിച്ച വരുമാനം കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, കൊമേഴ്സ്യൽ രജിസ്ട്രേഷൻ റദ്ദാക്കൽ, വ്യാപാര വിലക്ക്, കുടിശ്ശികയുള്ള നികുതി ഈടാക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
നിയമലംഘകരുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. സ്വദേശികൾക്ക് പുറമെ, പിടിയിലാകുന്ന വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം സൗദിയിൽ നിന്ന് നാടുകടത്തും. ഇവർക്ക് തൊഴിൽ ആവശ്യങ്ങൾക്കായി വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.
Content Highlights: Saudi authorities have strengthened enforcement measures against commercial law violations through extensive inspections across markets and establishments. Officials stated that strict action will be taken against those caught breaching regulations.