സൗദി അറേബ്യയിൽ വേനൽച്ചൂട് കടുക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ താപനില കുതിച്ചുയരുകയാണ്. എന്നാൽ നാല് പ്രധാന മേഖലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ പ്രവചനമുണ്ട്. കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരും. ജസാൻ, അസീർ, അൽബഹ, മക്ക എന്നീ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 46 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. മക്ക, ദമാം, ബുറൈദ, വാദി അൽ ദവാസിർ എന്നീ പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞദിവസം താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
മറ്റ് പ്രമുഖ നഗരങ്ങളായ റിയാദ്, അൽ ഖയ്സുമ, ഷറൂറ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസും മദീനയിലും റഫയിലും 43 ഡിഗ്രി സെൽഷ്യസും താപനിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
Content Highlights: Saudi Arabia is experiencing intense summer heat, with temperatures in the Eastern Province reaching 46°C. Authorities have advised residents and outdoor workers to take necessary precautions, stay hydrated, and avoid prolonged exposure to direct sunlight during peak hours.