സൗദിയിലെ വിമാനക്കമ്പനികൾക്കെതിരായ പരാതികളിൽ വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് അധികൃതർ

പരാതികളെല്ലാം നിശ്ചിത സമത്തിനുള്ളില്‍ പരിഹരിച്ചതായി കമ്പനി അറിയിച്ചു

സൗദി അറേബ്യയിലെ വിവിധ വിമാനക്കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്നും ലഭിച്ച പരാതികളില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം രണ്ടായിരത്തിലേറെ പരാതികളാണ് യാത്രക്കാരില്‍ നിന്നും വിമാന കമ്പനികള്‍ക്ക് എതിരെ ലഭിച്ചത്. കുവൈറ്റ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തു വിട്ട പ്രതിമാസ റിപ്പോര്‍ട്ടിലാണ് വിമാന കമ്പനികള്‍ക്കെതിരായ യാത്രക്കാരുടെ പരാതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍, സമയക്രമത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ വരുത്തല്‍, ടിക്കറ്റ് തുക റീഫണ്ട് നല്‍കുന്നതിലെ താമസം, ബാഗേജ് സേവനങ്ങളിലെ വീഴ്ചകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഇതില്‍ ഏറെയും. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ പരാതികളുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ദ്ധനവ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 78 പരാതികള്‍ എന്ന തോതില്‍ ഫ്‌ളൈ നാസ് എയര്‍ലൈന്‍സിനു എതിരെയാണ് ഏറ്റവും അധികം പരാതികള്‍ ലഭിച്ചത്.

പരാതികളെല്ലാം നിശ്ചിത സമത്തിനുള്ളില്‍ പരിഹരിച്ചതായി കമ്പനി അറിയിച്ചു. ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് സൗദി എയര്‍ലൈന്‍സിനെതിരെയാണ്. ഒരോ ലക്ഷം യാത്രക്കാരിലും 27 പേര്‍ എന്ന തോതില്‍ ലഭിച്ച പരാതികളില്‍ 76 ശതമാനവും കമ്പനി സമയബന്ധിതമായി പരിഹരിച്ചു. വിമാനത്താവളങ്ങള്‍ക്ക് എതിരെയുള്ള പരാതികളുടെ വിഭാഗത്തില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന് എതിരെയാണ് ഏറ്റവും കുറവ് പരാതി ലഭിച്ചത്.

ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒരു പരാതി എന്ന തോതില്‍ ആകെ 30 പരാതികള്‍ മാത്രമാണ് ജിദ്ദ വിമാനത്താവളത്തിന് എതിരെ ലഭിച്ചത്. ഇതില്‍ 95 ശതമാനം പരാതികളും അധികൃതര്‍ പരിഹരിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സേവന ദാതാക്കളുടെ പ്രകടനം വിലയിരുത്താനും യാത്രക്കാര്‍ക്ക് മികച്ച വിമാന കമ്പനി തിരഞ്ഞെടുക്കാന്‍ സഹായിക്കാനുമാണ് അതോറിറ്റി പ്രതിമാസ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

Content Highlights:

To advertise here,contact us