'ഇറാനും അമേരിക്കയും നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നു'; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് ഖത്തര്‍

തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുവെന്നതിന്റെ സൂചനയാണിതെന്ന് പറഞ്ഞ മജീദ് അല്‍ അന്‍സാരി നയതന്ത്ര ചര്‍ച്ചകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറഞ്ഞു

ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍. ഇരു രാജ്യങ്ങളും നയതന്ത്ര ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുവെന്നതിന്റെ സൂചനയാണിതെന്ന് പറഞ്ഞ മജീദ് അല്‍ അന്‍സാരി നയതന്ത്ര ചര്‍ച്ചകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറഞ്ഞു.

സൗദി അറേബ്യയ്‌ക്കെതിരായ ഹൂതി ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. ഖത്തര്‍ സൗദിക്കൊപ്പമാണെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. സൗദി അറേബ്യയിലെ തങ്ങളുടെ സഹോദരങ്ങളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിയാദിനെ ലക്ഷ്യം വെച്ചുള്ള ഹൂതികളുടെ മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 127 ഹൂതി ആയുധങ്ങളും മിസൈല്‍ വിക്ഷേപണ പ്ലാറ്റ്‌ഫോമുകളും തകര്‍ത്തെന്ന് യെമനിലെ സൗദി സഖ്യത്തിന്റെ വക്താവ് തുര്‍ക്കി അല്‍-മാലികിയും പ്രതികരിച്ചു. ഇവ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ ദിവസം യെമനിലെ സര്‍ക്കാര്‍ സുരക്ഷാ സേനയുടെ പരിശീലന ക്യാമ്പില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. യെമനിലെ ഷബ്വ പ്രവിശ്യയിലെ ക്യാമ്പിലാണ് ആക്രമണം നടന്നത്. 200ഓളം പേര്‍ക്ക് പരിക്കേറ്റു. പരിശീലന ക്യാമ്പിന് നേരെ ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി നില്‍ക്കുന്ന യെമന്റെ തെക്ക്-മധ്യ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും ഊര്‍ജസമ്പന്നവുമായ ഷബ്വ പ്രവിശ്യയിലാണ് യെമനിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ബല്‍ഹാഫ് ദ്രവീകൃത പ്രകൃതി ഗ്യാസ് സൗകര്യം നിലകൊള്ളുന്നത്.

Content Highlights: Qatar has stated that talks between Iran and the United States are progressing, highlighting ongoing diplomatic efforts amid tensions in the Middle East

To advertise here,contact us