ഖത്തറിൽ കുവാഖ് ‘ഓണവൈബ് 2026’ വർണ്ണാഭമായി ആഘോഷിച്ചു

കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൻ പങ്കാളിത്തം ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.

ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ (കുവാഖ്) സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ഓണവൈബ് 2026’ സൈതൂൺ റെസ്റ്റോറന്റ് ഹാളിൽ അത്യന്തം ഗംഭീരമായി അരങ്ങേറി. കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൻ പങ്കാളിത്തം ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.

കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് എ പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആർജെ സൂരജ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരി നന്ദിയും രേഖപ്പെടുത്തി.

അഡ്വ. ഫൈസൽ ബാബു എംഎൽഎ, ഐസിസി അഡ്വൈസറി ചെയർമാൻ പിഎൻ ബാബുരാജൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ചന്ദ്രമോഹൻ പിള്ള, ഡോ. അമാനുള്ള വടക്കേക്കര, ഡോ. ഷീല ഫിലിപ്പോസ്, ഡോ. റഷീദ് പട്ടത്ത്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജണൽ ഹെഡ് സന്തോഷ് ടിവി, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ തുടങ്ങിയ പ്രമുഖരും മാധ്യമപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

മേളം ദോഹയിലെ കലാകാരന്മാർ ഒരുക്കിയ വാദ്യമേള അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പ് പരിപാടിക്ക് ഉത്സവഭംഗി പകർന്നു. തുടർന്ന് കുവാഖ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച മോഹിനിയാട്ടം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസുകൾ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികളുടെ മനം കവർന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി കുവാഖ് സംഘടിപ്പിച്ച ‘ഓണസ്മൃതി അനുഭവക്കുറിപ്പ് മത്സര’ത്തിലെ വിജയികളായ ഇപി ഗിരീഷ്, പ്രിയങ്ക രാജൻ, സിദ്ധാർത്ഥൻ കാപ്പാടൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ പ്രദീപ് ജി. നായർ, ജോയിന്റ് കൺവീനർ നബീൽ ബഷീർ, കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോഹരൻ മയ്യിൽ, മറ്റ് ഭാരവാഹികളായ സഞ്ജയ് രവീന്ദ്രൻ, മഹേഷ്‌, ഷമ്മാസ്, ഷീജ സിദ്ധാർഥൻ, വിജിന സഞ്ജയ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Content Highlights: KUWAK’s ‘Onam Vibe 2026’ was celebrated in Qatar with vibrant cultural programmes and festive activities. The event brought the Malayali community together to mark Onam and showcase Kerala’s rich traditions and cultural spirit.

To advertise here,contact us