ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ ഡോ കെ ശ്രീകര്‍ റെഡ്ഡി രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും നിയമപത്രം സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിലെത്തിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നിയമപത്രം സ്വീകരിക്കരിച്ചത്. ഉടന്‍ തന്നെ അദ്ദേഹം ദോഹയിലെത്തി ചുമതലയേല്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി സഹകരണം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായി രാഷ്ട്രപതി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഡോ കെ ശ്രീകര്‍ റെഡ്ഡി നന്ദി അറിയിക്കുകയും ചെയ്തു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച ആദരവും അഭിമാനവും നല്കുന്ന നിമിഷമായിരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. 2001 ബാച്ച് ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനായ ഡോ കെ ശ്രീകര്‍ റെഡ്ഡി സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായിരിക്കെയാണ് ദോഹയിലെ സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ ജോയിന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യന്‍ വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ- മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ കരാര്‍, ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ എന്നിവയ്ക്കുവേണ്ടി അദ്ദേഹം മുന്‍കൈ എടുത്തിരുന്നത്.
ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും വിദേശകാര്യ മന്ത്രാലയത്തില്‍ പാകിസ്താന്, ഈസ്റ്റ് ആന്‍ഡ് സതേണ്‍ ആഫ്രിക്ക (E&SA) ഡെസ്കുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും വിദേശനയത്തിലും മികച്ച പരിചയ സമ്പത്തുള്ള അദ്ദേഹം 2014 ആഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ സ്വിറ്റ്സര്‍ലാന്‍ഡിലെ ലോക വ്യാപാര സംഘടനയിലെ ഇന്ത്യന്‍ മിഷനില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ ഹോ ചി മിന് സിറ്റിയില്‍ കോണ്‍സല്‍ ജനറലായിരുന്നു.
Content Highlight: Newly appointed Indian Ambassador to Qatar formally presented credentials from President Droupadi Murmu, marking the commencement of his diplomatic assignment.