ഒമാൻ ദേശീയ ദിനാഘോഷം: 344 തടവുകാർക്ക് പൊതുമാപ്പ് നൽകി വിട്ടയച്ചു

ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ് വരുന്നത്

ഒമാൻ സുൽത്താനേറ്റിന്റെ 56-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 344 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് അനുവദിച്ചു. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് മാനുഷിക പരിഗണനയുടെ ഭാഗമായി ഈ സുപ്രധാന തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ് വരുന്നത്. നവംബർ 25 ബുധൻ, നവംബർ 26 വ്യാഴം ദിവസങ്ങളിലാണ് ഔദ്യോഗിക അവധി. വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ നവംബർ 28 വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. നവംബർ 29 ഞായറാഴ്ച ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും പ്രവർത്തിച്ചു തുടങ്ങും.

1744-ൽ അൽ ബുസൈദി രാജവംശം സ്ഥാപിതമായതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാ വർഷവും നവംബർ 20-ന് ഒമാൻ ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന വിവിധ സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുമാണ് സുൽത്താനേറ്റിലുടനീളം സംഘടിപ്പിക്കുന്നത്. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തിൽ 'ഒമാൻ വിഷൻ 2040' പദ്ധതിയിലൂടെ സാമ്പത്തിക വൈവിധ്യവത്ക്കരണവും യുവജന ശാക്തീകരണവും ലക്ഷ്യമിട്ട് വലിയ വികസന മുന്നേറ്റങ്ങളാണ് രാജ്യം നടത്തിവരുന്നത്.

ഒമാന്റെ 56-ാം ദേശീയ ദിനാഘോഷങ്ങളിൽ യുഎഇയും പങ്കുചേരുകയാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച (നവംബർ 21) ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രത്യേക ആഘോഷ പരിപാടികളും സാംസ്കാരിക വിരുന്നുകളും ഒരുക്കിയിട്ടുണ്ട്. അന്നേദിവസം 4,000 ഒമാൻ പൗരന്മാർക്ക് ഗ്ലോബൽ വില്ലേജിലേക്ക് സൗജന്യ പ്രവേശനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Oman’s Sultan Haitham bin Tarik has granted a special royal pardon to 344 prisoners convicted in various cases ahead of the country's 56th National Day celebrations. The Royal Oman Police confirmed that the pardon covers both Omani citizens and foreign nationals. The decision was announced on November 19, 2026, in consideration of the prisoners' families and in connection with the National Day celebrations.

To advertise here,contact us