പാസ്പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകൾ എന്നിവയിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടാൻ ശ്രമിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ഒമാനിലെ ഇന്ത്യൻ എംബസി. ഔദ്യോഗിക രേഖകളിലെ പിഴവുകൾ പരിഹരിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുന്ന സംഘങ്ങൾ സജീവമായ പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ മുന്നറിയിപ്പ്.
അപരിചിതരിൽ നിന്ന് ലഭിക്കുന്ന സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ വിശ്വസിച്ച് പാസ്പോർട്ട്, ഒമാൻ റെസിഡന്റ് കാർഡ് (സിവിൽ ഐഡി), മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകളോ ചിത്രങ്ങളോ കൈമാറരുതെന്ന് എംബസി കർശന നിർദ്ദേശം നൽകി. എംബസിയിൽ നിന്നോ ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്നോ ആണെന്ന് അവകാശപ്പെട്ട് വിളിക്കുന്ന വ്യാജന്മാരുടെ കെണിയിൽ വീഴരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ പ്രവാസികൾ എപ്പോഴും മുൻകരുതൽ എടുക്കണം. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ഫോണിലൂടെയോ സോഷ്യൽ മീഡിയ വഴിയോ കൈമാറരുത്. സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ എംബസിയുടെ ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറുകളിലോ പ്രാദേശിക പോലീസ് വിഭാഗത്തിലോ വിവരം അറിയിക്കണമെന്നും ഇന്ത്യൻ എംബസി പ്രവാസികളോട് അഭ്യർത്ഥിച്ചു.
Content Highlights: The Indian Embassy in Oman has warned expatriates about fraudulent calls involving passport, visa and immigration issues. Indians are advised not to share personal documents or pay money to unknown callers.