ഒമാനും ഉസ്ബക്കിസ്താനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കാൻ ധാരണ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഉസ്ബക്കിസ്താൻ വിദേശകാര്യ മന്ത്രി ബക്തിയോർ സൈദോവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സാമ്പത്തികം, വ്യാപാരം, വിനോദസഞ്ചാരം എന്നീ സുപ്രധാന മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും മന്ത്രിമാർ വിശദമായി ചർച്ച ചെയ്തു.
മേഖലാതലത്തിലും അന്തർദേശീയതലത്തിലുമുള്ള പ്രധാന വിഷയങ്ങളും നിലവിലെ അടിയന്തര സാഹചര്യങ്ങളും ചർച്ചയുടെ ഭാഗമായി. ലോകത്തുണ്ടാകുന്ന തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിൽ തികച്ചും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹാരം കാണണമെന്ന് ഇരു വിദേശകാര്യ മന്ത്രിമാരും ഊന്നിപ്പറഞ്ഞു.
അതേസമയം, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഫോണിൽ ചർച്ച നടത്തി. ഒമാനും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തിയ ഇരു നേതാക്കളും പുതിയ അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു.
Content Highlights: Oman and Uzbekistan’s foreign ministers held a phone call to discuss expanding bilateral cooperation in trade, tourism, investment, logistics and transport.