ഒമാനിലെ ഹജ്ജ് രജിസ്ട്രേഷൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

സമയ പരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും ആവശ്യമായ രേഖകളും പൂർണമായി സമർപ്പിക്കാത്ത അപേക്ഷകളും പരി​ഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി

2027 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഒമാനിലെ രജിസ്ട്രേഷൻ നാളെ (ഒക്ടോബർ 11) അവസാനിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ പൗരന്മാർക്കും യോ​ഗ്യരായ പ്രവാസികൾക്കും മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക വെബ്സെെറ്റ് വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. സെപ്റ്റംബർ 28 നായിരുന്നു രജിസ്ട്രേഷൻ ആരംഭിച്ചത്.

1448 ഹിജ്റി ഹജ്ജ് സീസണിലേക്കുള്ള അപേക്ഷകൾ ഓൺലെെനായി മാത്രമാണ് സ്വീകരിക്കുന്നത്. ഹജ്ജിനായി അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. സമയ പരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും ആവശ്യമായ രേഖകളും പൂർണമായി സമർപ്പിക്കാത്ത അപേക്ഷകളും പരി​ഗണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അർഹരായ അപേക്ഷകർക്ക് ഔദ്യോ​ഗിക രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ഹജ്ജ് കമ്പനിയെ തെരഞ്ഞെടുക്കാം. കമ്പനി തെരഞ്ഞെടുക്കുന്നത് കരാറിനുള്ള സമ്മതമായി കണക്കാക്കുന്നതിനാൽ നിശ്ചയിച്ച തുകയുടെ ആദ്യ ​ഗഡു ഓൺലെെനായി അടയ്ക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

രജിസ്ട്രേഷൻ നടപടികൾ ഹജ്ജ് കമ്പനികൾക്ക് നേരിട്ട് ഇടപെടാൻ അനുവാദമില്ല. അപേക്ഷകരുടെ അർഹത പരിശോധിച്ചശേഷം മുൻ​ഗണനാ വിഭാ​ഗങ്ങൾ തിരിച്ചായിരിക്കും തുടർനടപടികൾ. ആദ്യ വിഭാ​ഗത്തിന് ഒക്ടോബർ 21 മുതൽ നവംബർ 11 വരെയും രണ്ടാം വിഭാ​ഗത്തിന് നവംബർ16 മുതൽ 22 വരെയും മൂന്നാം വിഭാ​ഗത്തിന് നവംബർ 24 മുതൽ 27 വരെയുമാണ് ഹജ്ജ് കമ്പനികളെ തിരഞ്ഞെടുക്കാനുള്ള സമയക്രമം. രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Content Highlights: Oman’s Hajj registration deadline is approaching, with only a few hours remaining for eligible pilgrims to complete their registration.

To advertise here,contact us