ഒമാനിൽ കഴിഞ്ഞ വർഷം (2025) കുറ്റകൃത്യങ്ങളിൽ 14.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ആകെ 21,000-ത്തോളം കുറ്റകൃത്യങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും സ്വത്ത് വകകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്നതാണ് പ്രധാന സവിശേഷത.
സ്വത്ത് വകകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വലിയ വർദ്ധനവാണ് ഉണ്ടായത്. ആകെ റിപ്പോർട്ട് ചെയ്ത കേസ്സുകളിൽ 62.3 ശതമാനവും (ഏകദേശം 13,000 കേസുകൾ) ഈ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വ്യക്തികൾക്കെതിരെയുള്ള അതിക്രമങ്ങൾ 28.8 ശതമാനവും പൊതുഭരണവുമായി ബന്ധപ്പെട്ട കേസുകൾ 3.5 ശതമാനവുമാണ്. മദ്യപാനവും പൊതുസ്ഥലങ്ങളിലെ അനാശാസ്യ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട് 2.8 ശതമാനം കേസുകളും ധാർമ്മിക ലംഘനങ്ങളിൽ 2.1 ശതമാനം കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
2024-ൽ പ്രതിദിനം ശരാശരി 50 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2025-ൽ ഇത് 58 ആയി ഉയർന്നു. രാജ്യത്തെ ആകെ ജനസംഖ്യയിൽ ആയിരം പേർക്ക് 3.9 കേസ് എന്ന നിരക്കിലാണ് കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത്. തലസ്ഥാന നഗരമായ മസ്കറ്റിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (8,916 കേസുകൾ - ആകെ കേസുകളുടെ 42%). നോർത്ത് അൽ ബാത്തിന (3,002), സൗത്ത് അൽ ബാത്തിന (1,985), ദോഫാർ (1,827) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയത് അൽ വുസ്തയിലാണ് (120 കേസുകൾ).
വിവിധ കേസുകളിലായി പിടിയിലാവുകയോ കുറ്റപത്രം ചുമത്തപ്പെടുകയോ ചെയ്തവരുടെ എണ്ണം 10 ശതമാനം വർദ്ധിച്ച് 26,847 ആയി. ഇതിൽ 85 ശതമാനവും പുരുഷന്മാരാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരിൽ ഭൂരിഭാഗവും (36%) 30-നും 39-നും ഇടയിൽ പ്രായമുള്ളവരാണ് (9,647 പേർ). 18 വയസ്സിന് താഴെയുള്ള 751 പേരും പിടിയിലായവരുടെ പട്ടികയിലുണ്ട്. അതേസമയം പൊതു അവകാശങ്ങളുമായി (Public Rights) ബന്ധപ്പെട്ട കേസുകളിൽ 52.2 ശതമാനത്തിന്റെ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Oman recorded a 14.8 percent increase in crime cases, with Muscat reporting the highest number. The latest figures highlight the distribution of reported crimes across the Sultanate.