ഭക്ഷ്യ പരസ്യങ്ങൾക്ക് അനുമതി നിർബന്ധം; ഇൻഫ്ലുവൻസർമാർക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, സ്വന്തമായി ബിസിനസ് പേജുകളുള്ള ഭക്ഷണശാലകൾ എന്നിവർക്ക് ഈ നിർദ്ദേശം ബാധകമാണ്

സാമൂഹ്യ മാധ്യമങ്ങൾ വഴി അംഗീകാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ ഇൻഫ്ലുവൻസർമാർക്കും സോഷ്യൽ മീഡിയ പേജുകൾക്കും കർശന മുന്നറിയിപ്പുമായി ഒമാൻ ഭരണകൂടം. ഏതൊരു ഭക്ഷ്യ ഉത്പ്പന്നം പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ മുമ്പായി ഔദ്യോഗികമായി മുൻകൂർ അനുമതി നേടേണ്ടത് നിർബന്ധമാണെന്ന് ഒമാനിലെ 'ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രം' അറിയിച്ചു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, സ്വന്തമായി ബിസിനസ് പേജുകളുള്ള ഭക്ഷണശാലകൾ എന്നിവർക്ക് ഈ നിർദ്ദേശം ബാധകമാണ്. കൂടാതെ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ, പരസ്യ ഏജൻസികൾ, വിവിധ കമ്പനികൾ, സ്ഥാപനങ്ങൾ, ഭക്ഷ്യ വ്യാപാരികൾ എന്നിവരും ഈ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമത്തിലെയും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ രജിസ്ട്രേഷനും പ്രമോഷനും നിയന്ത്രിക്കുന്ന മന്ത്രിതല പ്രമേയത്തിലെയും വ്യവസ്ഥകൾക്ക് അനുസൃതമായായിരിക്കണം മുൻകൂർ അനുമതി വാങ്ങേണ്ടത്. ഭക്ഷ്യ പരസ്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുമ്പ് അവ അംഗീകൃത സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

Content Highlights: Oman has introduced stricter rules for food advertisements, requiring prior approval before promotions. Influencers have been warned against advertising food products without official permission, as authorities aim to ensure consumer safety and regulate digital marketing practices.

To advertise here,contact us