ഒമാനിലെ കോർപറേറ്റ് നികുതി സംവിധാനത്തിൽ സുപ്രധാന ഭേദഗതികൾ പ്രഖ്യാപിച്ച് ടാക്സ് അതോറിറ്റി. ബിസിനസ് ചെലവുകളുടെ നികുതി കിഴിവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയതിനൊപ്പം, ഓഗസ്റ്റ് മുതൽ ഇ-ടാക്സ് പോർട്ടലിൽ പ്രവേശിക്കാൻ THEQA ഡിജിറ്റൽ ഐഡന്റിറ്റി ആപ്പ് വഴിയുള്ള ലോഗിൻ നിർബന്ധമാക്കി. 2026-ലെ തീരുമാനം നമ്പർ 180 പ്രകാരമാണ് ഒമാൻ ടാക്സ് അതോറിറ്റി കോർപറേറ്റ് നികുതി ചട്ടങ്ങളിൽ പുതിയ ഭേദഗതി വരുത്തിയത്. ബിസിനസ് ചെലവുകൾക്ക് നികുതി കിഴിവ് ലഭിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഇതിലൂടെ നിശ്ചയിച്ചിട്ടുണ്ട്.
പുതുതായി ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 18 പ്രകാരം, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾ മൂലമുള്ള ചെലവുകൾക്ക് കിഴിവ് ലഭിക്കണമെങ്കിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ പാലിക്കണം. ചെലവ് സ്ഥാപനത്തിന്റെ പ്രധാന ബിസിനസ്സ് പ്രവർത്തനത്തിന് അനിവാര്യമായിരിക്കണം, ടാക്സ് അതോറിറ്റി ചെയർമാന്റെ അനുമതി ഉണ്ടായിരിക്കണം, കൂടാതെ നിയമപരമായ ബാധ്യതകൾ ലംഘിക്കുന്നതാകരുത്. മറ്റു വിരുദ്ധ വ്യവസ്ഥകൾ റദ്ദാക്കുന്ന ഈ പുതിയ തീരുമാനം 2027 ജനുവരി മുതൽ ആരംഭിക്കുന്ന നികുതി വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ടാക്സ് അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖമീസ് ബിൻ അലി അൽ ജഷ്മി അറിയിച്ചു. ഇതോടൊപ്പം, ടാക്സ് പോർട്ടലിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഓഗസ്റ്റ് മുതൽ ഇ-ടാക്സ് പോർട്ടലിലെ ലോഗിൻ THEQA ഡിജിറ്റൽ ഐഡന്റിറ്റി ആപ്പ് വഴി മാത്രമായിരിക്കും.
സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കാൻ സ്മാർട്ട്ഫോണിൽ NFC സാങ്കേതികവിദ്യ ഉണ്ടെന്ന് ഉറപ്പാക്കി, THEQA ആപ്പ് ഡൗൺലോഡ് ചെയ്ത് സിവിൽ ഐഡി വിവരങ്ങൾ വഴി ഡിജിറ്റൽ ഐഡന്റിറ്റി ആക്റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്. പോർട്ടലിൽ 'Login via Digital Identity (THEQA App)' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് QR കോഡ് സ്കാൻ ചെയ്തോ, അല്ലെങ്കിൽ സിവിൽ നമ്പർ നൽകി ആപ്പിലൂടെ സ്ഥിരീകരിച്ചോ ലോഗിൻ ചെയ്യാം. ഓഗസ്റ്റിന് മുമ്പ് തന്നെ രജിസ്ട്രേഷനും ഡിജിറ്റൽ ഐഡന്റിറ്റി ആക്ടിവേഷനും പൂർത്തിയാക്കണമെന്ന് ടാക്സ് അതോറിറ്റി ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
Content Highlight: Oman has announced new corporate tax regulations, making THEQA login mandatory for taxpayers to access and manage tax-related services