ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി ഒമാൻ പൊലീസ്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ സൈബർ തട്ടിപ്പ് നടത്തുന്ന വൻ അന്താരാഷ്ട്ര സംഘത്തെ സുരക്ഷാസേന തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് 380 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമാന്റെ പടിഞ്ഞാറൻ മേഖലയായ സോഹാർ ഭാഗ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരെന്ന് അധികൃതർ അറിയിച്ചു.
വിപുലമായ അന്വേഷണങ്ങൾക്കും രഹസ്യ നിരീക്ഷണങ്ങൾക്കും ഒടുവിൽ സോഹാറിലെ 33 കേന്ദ്രങ്ങളിലായി ഒരേസമയത്താണ് സുരക്ഷാസേന മിന്നൽ പരിശോധന നടത്തിയത്. തട്ടിപ്പ് സംഘം ക്യാമ്പുകളാക്കി മാറ്റിയ വാടക ഫ്ലാറ്റുകൾ, ഹോട്ടലുകൾ, രഹസ്യ താവളങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഈ താവളങ്ങളിൽ നിന്നായി സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിച്ച 1,800-ലധികം ഇലക്ട്രോണിക് ഉപകരണങ്ങളും 21-ലധികം വിവിധ വിദേശ കറൻസികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിലും സമൂഹത്തിന് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഒമാൻ സുരക്ഷാസേനയുടെ ഉയർന്ന ജാഗ്രതയും സജ്ജീകരണവുമാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു. അടുത്തകാലത്തായി ഒമാനിൽ ഒരു അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ റെയ്ഡുകളിൽ ഒന്നാണിത്. നിയമലംഘകർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Content Highlights: Authorities in Oman have dismantled an international cybercrime network during a swift operation targeting online fraud. Several suspects were arrested, and the raid is part of broader efforts to combat cybercrime and protect the public from digital financial scams.