15 വർഷം നീണ്ട നിരന്തര പരിശ്രമം, ഒമാന്റെ കാർഷിക ചരിത്രം തിരുത്തി കൈതച്ചക്ക കൃഷി വിജയകരം

ദോഫാർ ഗവർണറേറ്റിലെ റസാത്ത് ഫാമിൽ ചെറിയ കണ്ടെയ്‌നറുകളിൽ തുടങ്ങിയ ലളിതമായ പരീക്ഷണങ്ങളിൽ നിന്നാണ് ഈ പദ്ധതിയുടെ തുടക്കം

ഒമാന്റെ കാർഷിക ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ശ്രദ്ധേയ നേട്ടത്തിന് വഴിതുറന്നിരിക്കുകയാണ് റോയൽ കോർട്ട് അഫയേഴ്‌സിന് കീഴിലുള്ള റസാത്ത് റോയൽ ഫാം. കാർഷിക രംഗത്ത് പ്രതികൂല സാഹചര്യങ്ങളുള്ള ഒരു ഗൾഫ് രാജ്യത്ത്, നീണ്ട 15 വർഷത്തെ നിരന്തരമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൈതച്ചക്ക കൃഷി വിജയകരമായി വിളവെടുത്തത്. ഒമാന്റെ മണ്ണിൽ പരമ്പരാഗതമല്ലാത്തതും ഉയർന്ന സാമ്പത്തിക മൂല്യമുള്ളതുമായ വിളകൾ വിളയിച്ചെടുക്കാൻ കഴിയുമെന്ന വലിയൊരു വിലയിരുത്തലിനാണ് ഈ വിജയം അടിവരയിടുന്നത്.

ദോഫാർ ഗവർണറേറ്റിലെ റസാത്ത് ഫാമിൽ ചെറിയ കണ്ടെയ്‌നറുകളിൽ തുടങ്ങിയ ലളിതമായ പരീക്ഷണങ്ങളിൽ നിന്നാണ് ഈ പദ്ധതിയുടെ തുടക്കം. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാൻ മരങ്ങളുടെ തണലിലും നിയന്ത്രിത ഗ്രീൻഹൗസ് സംവിധാനങ്ങളിലും കൃഷി വ്യാപിപ്പിച്ചു. ദോഫാറിലെ സവിശേഷമായ മൺസൂൺ കാലാവസ്ഥ കൈതച്ചക്ക കൃഷിക്ക് ഏറെ അനുയോജ്യമാണെന്ന് നീണ്ട പഠനങ്ങൾക്കൊടുവിൽ ഗവേഷകർ കണ്ടെത്തി. ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ മിതമായ താപനിലയും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവുമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച വളർച്ച കൈവരിക്കാൻ ചെടികളെ സഹായിച്ചത്.

കൃഷി ആരംഭിച്ച് ഏകദേശം ആറ് മാസത്തിനുള്ളിൽ തന്നെ ചെടിയുടെ വളർച്ച പൂർണമാകുന്നു എന്നതാണ് റസാത്ത് ഫാമിലെ കണ്ടെത്തൽ. തുടർന്ന് 12 മാസമാകുന്നതോടെ പഴത്തിന്റെ അടിഭാഗം ആകർഷകമായ സ്വർണനിറമായി മാറുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്യും. മറ്റ് ഉഷ്ണമേഖലാ വിളകളെ അപേക്ഷിച്ച് കൈതച്ചക്ക കൃഷിക്ക് വളരെ കുറഞ്ഞ അളവിൽ മാത്രം ജലസേചനം മതിയാകും എന്നതും ഈ പദ്ധതിയുടെ വലിയൊരു അനുകൂല ഘടകമാണ്. കൂടാതെ, ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗമില്ലാത്ത മികച്ച തൈകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിഞ്ഞതും പദ്ധതിയുടെ വിജയത്തിന് നിർണായകമായി.

ഇത് ഒമാന്റെ കാർഷിക മേഖലയിലെ ഒരു വലിയ നാഴികക്കല്ലാണെന്ന് ഫാമിലെ സീനിയർ അഗ്രികൾച്ചറൽ എൻജിനീയറിംഗ് സ്പെഷ്യലിസ്റ്റായ എൻജിനീയർ സുഹൈൽ സഈദ് അൽ മഷാനി പറഞ്ഞു. കാലാവസ്ഥാ വെല്ലുവിളികളെ ശാസ്ത്രീയമായ കൃഷിരീതികളിലൂടെ എങ്ങനെ മറികടക്കാം എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. ഒമാനിലെ കാർഷിക വൈവിധ്യവൽക്കരണത്തിന് പുതിയ വഴിതുറക്കുന്ന ഈ നേട്ടം, വരും ദിവസങ്ങളിൽ ഉയർന്ന ലാഭം തരുന്ന മറ്റ് പരമ്പരാഗതമല്ലാത്ത വിളകളുടെ കൃഷിയിലേക്കും തിരിയാൻ ഒമാനിലെ കർഷകർക്ക് വലിയ പ്രചോദനമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Content Highlights: Oman has successfully established pineapple cultivation after 15 years of continuous research and effort. The achievement is being seen as a significant milestone that could reshape the country's agricultural landscape.

To advertise here,contact us