സലാലയിൽ ഖരീഫ് ഫെസ്റ്റിവലിന് ആഴ്ചകൾ മാത്രം; സന്ദർശകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി അധികൃതർ

സലാലയിലെ മുഗ്‌സൈൽ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം 85 ശതമാനം പൂർത്തിയായതായി ഗതാഗത മന്ത്രാലയം അറിയിച്ചു

സലാലയിലെ ഖരീഫ് ഫെസ്റ്റിവലിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ സന്ദർശകർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അധികൃതർ. സലാലയിലെ മുഗ്‌സൈൽ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം 85 ശതമാനം പൂർത്തിയായതായി ഗതാഗത മന്ത്രാലയം അറിയിച്ചു. അടുത്ത മാസം ആദ്യവാരത്തോടെ പദ്ധതി ജനങ്ങൾക്കായി തുറന്നു നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സലാല അടങ്ങുന്ന ദോഫാർ ഗവർണറേറ്റിലെ തന്ത്രപ്രധാനമായ പാതയാണ് യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്.

ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം ലോജിസ്റ്റിക്സ് മേഖലക്കും പദ്ധതി വലിയ കരുത്താകും. 20 തൂണുകളിലും 12 മീറ്റർ ഉയരമുള്ള രണ്ട് പാർശ്വഭിത്തികളിലുമായി നിർമ്മിക്കുന്ന 500 മീറ്റർ നീളമുള്ള കോൺക്രീറ്റ് പാലമാണ് പദ്ധതിയിലെ പ്രധാന ആകർഷണം.

മുഗ്‌സൈൽ വാട്ടർഫ്രണ്ട്, മർനീഫ് ഗുഹ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനുള്ള അടിപ്പാതയും ഇതിനകം തയ്യാറായി കഴിഞ്ഞു. രണ്ട് മുതൽ ഏഴു മീറ്റർ വരെ വീതിയുള്ള, ആധുനിക ലൈറ്റിങ് സംവിധാനത്തോടുകൂടിയ നടപ്പാതയും പാർക്കിങ് സൗകര്യവുമാണ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നത്. മുഗ്‌സൈൽ ബീച്ചിലെ പ്രകൃതിദത്ത നീരുറവകൾ, അൽ മർനീഫ് ഗുഹ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭംഗി നിലനിർത്തിക്കൊണ്ടുള്ള മികച്ച എൻജിനീയറിങ് രൂപകൽപനയാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്.

നിലവിൽ കോൺക്രീറ്റ് -മെറ്റൽ ബാരിയറുകൾ, ദിശാസൂചന ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവ സ്ഥാപിച്ചുവരികയാണ്. റോഡ് നിർമ്മാണത്തിലെ പാഴ് ചെലവ് കുറക്കാൻ അസ്ഫാൽറ്റ് റീസൈക്ലിംഗ് സാങ്കേതിക വിദ്യയും കാർബൺ പുറന്തള്ളൽ കുറക്കാൻ സോളാർ പാനലുകളും നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ട്. ഖരീഫ് കാലത്ത് എത്തുന്ന സഞ്ചാരികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് ഗതാഗത വിഭാഗം അണ്ടർസെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷംഖി പറഞ്ഞു.

Content Highlights: Authorities in Salalah have made extensive arrangements to ensure better facilities for visitors as only weeks remain for the Khareef Festival, enhancing tourism experience during the monsoon season.

To advertise here,contact us