അടുത്ത വർഷം ജപ്പാനിൽ നടക്കാനിരിക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിലേക്ക് യോഗ്യത നേടി ഒമാൻ ക്രിക്കറ്റ് ടീം. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ബഹ്റൈനെ പരാജയപ്പെടുത്തിയാണ് ഒമാൻ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പൂർണ്ണമായും സ്വദേശി താരങ്ങൾ മാത്രം അണിനിരന്നാണ് ഒമാൻ ക്രിക്കറ്റിന്റെ ഈ ചരിത്ര വിജയം.
സിംഗപ്പൂർ നാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെന്ന മികച്ച സ്കോർ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ ബഹ്റൈൻ തിരിച്ചടിച്ചെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ 20 റൺസിന്റെ വിജയം ഒമാൻ സ്വന്തമാക്കി.
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ശക്തികളായ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവർക്കൊപ്പമായിരിക്കും ഇനി ഒമാനും മാറ്റുരയ്ക്കുക. ആതിഥേയരായ ജപ്പാനും യോഗ്യതാ റൗണ്ട് കടന്നുവരുന്ന മറ്റ് ടീമുകളും ടൂർണമെന്റിലുണ്ടാകും. നേരത്തെ ഇന്ത്യ, പാകിസ്താൻ എന്നിവടങ്ങളിൽ നിന്നുള്ള പ്രവാസികളായിരുന്നു ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സ്വദേശി താരങ്ങളുമായി ഏഷ്യൻ ഗെയിംസ് പോലൊരു പ്രധാന വേദിയിലെത്താൻ ഒമാന്‍ സാധിച്ചിരിക്കുകയാണ്. ഇത് ഒമാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഏഷ്യൻ ഗെയിംസ് ക്വാളിഫയർ കളിച്ച ഒമാൻ ക്രിക്കറ്റ് ടീം: സുഫ്യാന് മഹ്മൂദ് (ക്യാപ്റ്റന്‍), മുസാഫര്‍ ഷിരാല്‍ക്കര്‍, മുഹമ്മദ് അല്‍ ബലൂഷി, ഷുഹൈബ് അല്‍ ബലൂഷി, സുബൈര്‍ അല്‍ ബലൂഷി, അബ്ദുല്‍ ജലീല്‍ അല്‍ ബലൂഷി, ഈസ അല്‍ ബലൂഷി, സമീര്‍ യൂസഫ്, നവീദ് അല്‍ ബലൂഷി, അഹമ്മദ് അല്‍ സദ്ജാലി, വസീം അല്‍ ബലൂഷി, ഫാരിസ് അല്‍ ബലൂഷി, റാഷിദ് അല്‍ ബലൂഷി, മുന്ദിര് അല്‍ ബലൂഷി.
Content Highlights: The Oman cricket team has made history by securing qualification for the Asian Games with an all-local lineup. The achievement highlights the growth of cricket in Oman and showcases the talent of homegrown players on an international stage.