ഒമാനിലെങ്ങും ബലിപെരുന്നാൾ ആഘോഷം. അതിരാവിലെ തന്നെ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടന്നു. കനത്ത ചൂട് പരിഗണിച്ച് പുലർച്ചെ അഞ്ചര മുതലാണ് നമസ്കാരങ്ങൾ ആരംഭിച്ചത്. മബേല ഹയ മസ്ജിദിൽ കെഎംസിസിയുടെയും എസ്ഐസിയുടെയും നേതൃത്വത്തിൽ നടന്ന നമസ്കാരത്തിന് മുസ്തഫ റഹ്മാനി പാലപ്പെട്ടി നേതൃത്വം നൽകി. റൂവിയിലെയും വിവിധ ഭാഗങ്ങളിലെയും ഈദ്ഗാഹുകളിലും വലിയ ജനപങ്കാളിത്തം ഉണ്ടായി.
റൂവി അൽകരാമ പാർക്കിങ്ങിൽ ഹാഷിം മൗലവിയുടെ നേതൃത്വത്തിലും കെഎം ട്രേഡിങ് ന് സമീപം ഹനീഫ് ഫാറൂഖിയുടെ നേതൃത്വത്തിലും നടന്നു. സമസ്ത ഇസ്ലാമിക് സെന്റർ നേതൃത്വത്തിൽ മൊബൈൽ നടന്ന ഈദ് ഗാഹിന് ഷക്കീർ സഖാഫി നേതൃത്വം വഹിച്ചു. സമാധാനത്തിനായുള്ള പ്രാർത്ഥനകളോടെയായിരുന്നു ഖുതുബ പ്രഭാഷണങ്ങൾ. നമസ്കാരശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ നേർന്ന് പിരിഞ്ഞു.
അഞ്ച് ദിവസത്തെ ഈദ് അവധിയാണ് ഒമാനിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത ചൂടും ഉയർന്ന വിമാനക്കൂലിയും കാരണം വിനോദകേന്ദ്രങ്ങളിലും വിമാനയാത്രകളിലും തിരക്ക് കുറവാണ്. ദൂരയാത്രകൾ നടത്തുന്നവർ ഗതാഗതനിയമങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
Content Highlights: Oman celebrated Eid Al Adha with special prayers conducted early in the morning across the country. Large numbers of worshippers gathered at mosques and prayer grounds to mark the occasion.