തിരുവനന്തപുരം, കൊച്ചി സെക്ടറികള് ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുത്ത് ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് വിമാന കമ്പനിയുടെ പ്രഖ്യാപനം. അതിനിടെ ഖരീഫ് സീസണില്‍ മസ്കറ്റ്-സലാല റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
മസ്കറ്റ് - കേരള റൂട്ടില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് ഇപ്പോള്‍ സലാം എയര്‍ സര്‍വീസ് നടത്തുന്നത്. ഇതാണ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകുന്നതോടെ വിമാന ടിക്കറ്റ് നിരക്കിലും കുറവ് ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. അതിനിടെ ഒമാനിലെ വിനോദസഞ്ചാര സീസണായ ഖരീഫ് കാലയളവില്‍ മസ്കറ്റ്-സലാല റൂട്ടിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. തിരക്കേറിയ സീസണിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവയുമായി ചേര്‍ന്നാണ് വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പുതിയ നിരക്കുകളുടെ പട്ടിക പ്രഖ്യാപിച്ചത്. മൂന്ന് വ്യത്യസ്ത നിരക്കുകള്‍ ആണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുക. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ചെക് ഇന്‍ ലഗേജ് ഇല്ലാതെയുളള വണ്‍വേ ടിക്കറ്റിന് പത്ത് റിയാലില്‍ താഴെയായിരിക്കും നിരക്ക്.
രണ്ടാം വിഭാഗത്തില്‍ 20 റിയാലില്‍ താഴെയും മൂന്നാം സ്റ്റേജില്‍ 26 റിയാലില്‍ താഴെയും ടിക്കറ്റുകള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ലഗേജ് ഇല്ലാതെയുള്ള റിട്ടേണ്‍ ടിക്കറ്റിന് 28 റിയാലില്‍ താഴെ ടിക്കറ്റ് ലഭിക്കും. രണ്ടാം വിഭാഗത്തില്‍ 38 റിയാല്‍, മൂന്നാം സ്റ്റേജില്‍ 49 റിയാല്‍ എന്നിങ്ങനെയായിരിക്കും ടിക്കറ്റ് നിരക്കുകള്‍. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടി വരിക.
Content Highlights: Airlines are set to increase flight services between Oman and India, bringing relief to expatriates and enhancing travel convenience.