ആരോഗ്യ സുരക്ഷയിൽ വീഴ്ച; കുവൈറ്റിൽ അഞ്ച് സ്വകാര്യ ക്ലിനിക്കുകൾ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം

സ്വകാര്യ ആരോഗ്യ മേഖലയിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ പരിശോധന കർശനമാക്കി ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അടപ്പിച്ചു. കൂടാതെ, ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒരു പ്രമുഖ ലാബിന്റെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഈ കർശന നടപടി.

രണ്ട് ഹെൽത്ത് സെന്ററുകൾ, ഒരു ഡിസ്പെൻസറി, ഡെന്റൽ സെന്റർ, ഒരു സ്വകാര്യ ക്ലിനിക് എന്നിവയ്ക്കെതിരെയാണ് മന്ത്രാലയം നടപടിയെടുത്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെ ഇവയുടെ പ്രവർത്തനം തടഞ്ഞിട്ടുണ്ട്. ലൈസൻസില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് ചികിത്സ നൽകുക, കൃത്യമായ അനുമതിയില്ലാതെ റേഡിയോളജി-ലേസർ സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ കണ്ടെത്തിയത്.

ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ മെഡിക്കൽ സാമഗ്രികളുടെ ഉപയോഗം, മരുന്നുകളും ടെസ്റ്റ് ട്യൂബുകളും അശാസ്ത്രീയമായി സൂക്ഷിക്കൽ, ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും തെളിഞ്ഞു. മറ്റൊരു സ്ഥാപനത്തിലെ ലാബ് പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

പ്രവർത്തനം തടഞ്ഞ ലാബിൽ എയർകണ്ടീഷണർ തകരാറിലായതിനെ തുടർന്ന് ഉയർന്ന താപനിലയിലാണ് സാമ്പിളുകൾ സൂക്ഷിച്ചിരുന്നത്. ഇത് പരിശോധനാ ഫലങ്ങളുടെ കൃത്യതയെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ ആരോഗ്യ മേഖലയിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Content Highlights: Kuwait’s Ministry of Health has ordered the closure of five private healthcare facilities and suspended laboratory operations at another facility over licensing and patient safety violations

To advertise here,contact us