കുവൈറ്റിൽ വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുന്ന പ്രവാസി ജീവനക്കാർക്ക് ഇനിമുതൽ ഡിജിറ്റലായി പരാതി നൽകാനും ഔദ്യോഗിക 'ലോസ് സർട്ടിഫിക്കറ്റ്' നേടാനും സൗകര്യം. സർക്കാറിന്റെ ഏകീകൃത ഇലക്ട്രോണിക് സേവന ആപ്പായ 'സഹേൽ' (Sahel) വഴിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ സേവനം ആരംഭിച്ചത്. ഇനിമുതൽ സർക്കാർ ഓഫിസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പ്രവാസികൾക്ക് ഇതിനായുള്ള നടപടികൾ ഓൺലൈനായി പൂർത്തിയാക്കാം.
'സർട്ടിഫിക്കറ്റ് ഓഫ് ലോസ് ഓഫ് പാസ്പോർട്ട്' (Certificate of Loss of Passport) എന്ന പേരിൽ സഹേൽ ആപ്പിലെ 'സെക്യൂരിറ്റി സർവീസസ്' (Security Services) വിഭാഗത്തിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആപ്പ് വഴി പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം ഇലക്ട്രോണിക്കായി റിപ്പോർട്ട് ചെയ്യാനും തുടർ നടപടികൾക്കായി ബന്ധപ്പെട്ട എംബസിയിലോ മറ്റ് അധികൃതർക്കോ സമർപ്പിക്കാനുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഭരണപരമായ നടപടികൾ ലളിതമാക്കാനും പേപ്പർ വർക്കുകൾ കുറയ്ക്കാനും പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുമാണ് ഈ നീക്കത്തിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയതെന്ന് സഹേൽ ആപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് വ്യക്തമാക്കി. രാജ്യത്തെ സർക്കാർ ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനുള്ള കുവൈറ്റിന്റെ വലിയ പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം.
Content Highlights: Kuwait has launched a new Sahel app service allowing expatriates to report lost passports and obtain official loss certificates online without visiting government offices.