കുവൈറ്റിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കർശന നടപടികളിലേക്ക്. നിർദ്ദിഷ്ട നിരക്കിൽ കൂടുതൽ ഫീസ് ഈടാക്കുന്ന ഓഫീസുകൾക്കെതിരെയും പണം കൈപ്പറ്റിയ ശേഷം ഔദ്യോഗിക രസീത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെയും പൊതുജനങ്ങൾക്കും പരാതിപ്പെടാം. ഇതിനായി 'റിപ്പോർട്ട് മീ' എന്ന പേരിൽ പുതിയ ഡിജിറ്റൽ പരാതി പരിഹാര സേവനത്തിന് അതോറിറ്റി തുടക്കമിട്ടു.
സർക്കാർ ആപ്പായ 'സഹേൽ' വഴിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. നിർണ്ണിത ഫീസ് പരിധി ലംഘിച്ച് ഉയർന്ന തുക ഈടാക്കുന്ന ഏജൻസികളെക്കുറിച്ചും രസീത് നൽകാത്ത ഇടപാടുകളെക്കുറിച്ചും കൃത്യമായ തെളിവുകൾ സഹിതം ആപ്പിലൂടെ നേരിട്ട് അതോറിറ്റിയെ അറിയിക്കാം. റിക്രൂട്ട്മെന്റ് ഏജൻസികളുടെ ചൂഷണം തടയുന്നതിനൊപ്പം സാമ്പത്തിക വിനിമയങ്ങളിൽ സുതാര്യത ഉറപ്പാക്കാനും ഇത് സഹായിക്കും.
ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മനുഷ്യക്കടത്ത് തടയുക, തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ലഘൂകരിക്കുക എന്നിവയാണ് ഈ പുതിയ പ്ലാറ്റ്ഫോമിലൂടെ മാൻപവർ അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതുകൂടാതെ, തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഏത് വിഷയങ്ങളും ഈ ഇലക്ട്രോണിക് സംവിധാനം വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും.
റിക്രൂട്ട്മെന്റ് മേഖലയിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Kuwait’s Public Authority for Manpower has introduced the “Report Me” service through the Sahel app, allowing residents to report domestic worker recruitment offices that charge excessive fees or fail to issue payment receipts.