കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഇന്ത്യക്കാരുടെ ആധിപത്യവും മികച്ച സാന്നിധ്യവും തുടരുന്നു. രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ പത്ത് തൊഴിലാളികളിലും ഏകദേശം നാലുപേർ ഇന്ത്യക്കാരാണ്. നിലവിൽ മൂന്നര ലക്ഷത്തോളം ഇന്ത്യൻ ഗാർഹിക തൊഴിലാളികളാണ് കുവൈറ്റിൽ ജോലി ചെയ്യുന്നത്.
മൊത്തം ഗാർഹിക തൊഴിലാളികളുടെ 39 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഗാർഹിക മേഖലയിൽ മാത്രമല്ല, കുവൈറ്റിലെ മൊത്തം ജനസംഖ്യയിലെ വിദേശികളുടെ കണക്കെടുത്താലും ഇന്ത്യക്കാർ തന്നെയാണ് ഏറ്റവും മുന്നിൽ. ഏകദേശം പത്തുലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലായി കഴിയുന്നത്.
അതേസമയം, ഗാർഹിക തൊഴിൽ മേഖലയിൽ ഒന്നരലക്ഷം തൊഴിലാളികളുമായി ശ്രീലങ്കക്കാരാണ് രണ്ടാം സ്ഥാനത്തുള്ളത്. വിശ്വസ്തതയും കഠിനാധ്വാനവുമാണ് കുവൈറ്റിലെ വീടുകളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് എന്നും കൂടുതൽ പ്രിയവും മുൻഗണനയും ലഭിക്കാൻ പ്രധാന കാരണമാകുന്നത്.
Content Highlights: Indians form Kuwait’s largest domestic worker community, with 344,532 workers accounting for about 39% of the sector, according to official statistics.