ഐക്യരാഷ്ട്രസഭയുടെ 2027-2029 കാലയളവിലേക്കുള്ള മനുഷ്യാവകാശ കൗൺസിൽ അംഗമായി കുവൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭാ യോഗത്തിൽ വൻ പിന്തുണയോടെ 173 വോട്ടുകൾ നേടിയാണ് കുവൈറ്റ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. ഏഷ്യ-പസഫിക് ഗ്രൂപ്പിൽ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ വെച്ച് രണ്ടാമത്തെ ഏറ്റവും ഉയർന്ന വോട്ട് വിഹിതത്തോടെയാണ് കുവൈറ്റിന്റെ മുന്നേറ്റം.
ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കുവൈറ്റ് വഹിക്കുന്ന സുപ്രധാന പങ്കിനുള്ള അംഗീകാരമാണ് ഈ മികച്ച വിജയമെന്ന് യുഎന്നിലെ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരെഖ് അൽ ബനായ് പറഞ്ഞു. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയവും നയതന്ത്ര ദൗത്യങ്ങളും നടത്തിയ കാര്യക്ഷമമായ ഇടപെടലുകൾ നേട്ടത്തിന് വഴിതെളിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് വോട്ട് ചെയ്ത മുഴുവൻ രാജ്യങ്ങൾക്കും സർക്കാരും നയതന്ത്ര വിഭാഗവും നന്ദി രേഖപ്പെടുത്തി.
ലോകമെമ്പാടും നിഷ്പക്ഷമായും മുൻവിധികളില്ലാതെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കുവൈറ്റ് നിരന്തരം നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വരും വർഷങ്ങളിൽ കൗൺസിലിലെ മറ്റ് അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ സംരംഭങ്ങളെയും വികസന പ്രവർത്തനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Kuwait has been re-elected to the United Nations Human Rights Council for 2027–2029, securing 173 votes in the UN General Assembly, the second-highest tally among elected countries.